അങ്കമാലി: പൂജയ്ക്ക് വിധിച്ചിട്ടുള്ള പരമ്പരാഗത പുഷ്പങ്ങളല്ലാതെ ദൂഷ്യവശങ്ങളുള്ള ഒരു പുഷ്പവും പൂജയ്ക്ക് ഉപയോഗിക്കരുതെന്ന് അഖിലകേരള തന്ത്രിസമാജം.
ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് എടുക്കാമെന്നും, എന്നാല്‍ പ്രസാദത്തിലോ നിവേദ്യത്തിലോ ഉപയോഗിക്കരുതെന്നുമുള്ള വിവിധ ദേവസ്വം ബോര്‍ഡുകളുടെ തീരുമാനം തലതിരിഞ്ഞതെന്നേ കണക്കാക്കാനാവൂ. നിവേദ്യവും പ്രസാദവും പൂജയുടെ ഭാഗമാണ്. പൂജാപുഷ്പങ്ങള്‍ ക്രിയയുടെ ഭാഗമായി നിവേദ്യത്തിലും അര്‍പ്പിക്കേണ്ടതുണ്ട്. ഭക്തര്‍ക്ക് പ്രസാദമായി നല്‍കേണ്ടത് പൂജയുടെ നിര്‍മാല്യ പുഷ്പങ്ങളാണ്. പൂജയുടെ അടിസ്ഥാന വിഷയങ്ങള്‍ പോലും മനസിലാക്കാതെയാണ് ദേവസ്വം ബോര്‍ഡുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയിട്ടില്ല. പൂജാവിഷയങ്ങളില്‍ തീരുമാനങ്ങള്‍ വേണ്ടിവരുമ്പോള്‍ ക്ഷേത്രാചാര്യന്മാരുടെ അഭിപ്രായം കേള്‍ക്കാത്തതാണ് ഇത്തരം അപാകതകള്‍ക്ക് കാരണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പുഷ്പങ്ങള്‍ക്കു പകരം ഓരോ ക്ഷേത്രങ്ങളിലും പൂജാപുഷ്പ തോട്ടങ്ങളുണ്ടാക്കാനും, സംരക്ഷിക്കാനും ദേവസ്വം ബോര്‍ഡുകള്‍ തയാറാകണം. നേരത്തെ വേനല്‍ചൂട് കണക്കിലെടുത്ത് പൂജ, ശീവേലി മുതലായവയുടെ സമയക്രമം മാറ്റുന്ന ഘട്ടത്തിലും തന്ത്രിമാരോട് ആലോചിച്ചില്ല. സ്വകാര്യ ദേവസ്വങ്ങള്‍ പൂജാ സംബന്ധിയായ ഏതൊരു വിഷയങ്ങള്‍ക്കും തന്ത്രിമാരുടെ അഭിപ്രായം തേടാറുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡുകള്‍ വിമുഖത കാട്ടുന്നത് ആചാരങ്ങളുടെ അടിസ്ഥാന കാര്യങ്ങളില്‍ പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ വേഴപ്പറമ്പ് ഈശാനന് നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരന് ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവര്‍, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: