അടൂര്‍: സംസ്ഥാന പോലീസില്‍ യോഗ നിര്‍ബന്ധമായും നടത്തണമെന്ന് തീരുമാനം പ്രാവര്‍ത്തികമായില്ല. സര്‍ക്കുലറര്‍ ഇറങ്ങി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറക്കാനുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായ യോഗ ഒരു പോലീസ് സ്റ്റേഷനുകളിലും തുടങ്ങാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം.
കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. പോലീസ് സേനയില്‍ ആത്മഹത്യ പ്രവണത കൂടിയ സാഹചര്യത്തില്‍ യോഗയുടെ പ്രാധാന്യം വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ച്ചയില്‍ ഒരു ദിവസം യോഗ പരിശീലനങ്ങള്‍ നല്‍കേണ്ടതാണ്. സ്റ്റേഷന് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മാത്രമല്ല, ക്യാമ്പിലുള്ളവരും സ്പെഷല്‍ യൂണിറ്റിലുള്ളവര്ക്കും യോഗ നിര്‍ബന്ധമാണ്, എന്നായിരുന്നു നിര്‍ദേശം.
യോഗാഭ്യാസത്തിനായി പ്രത്യേക സ്ഥലം കണ്ടെത്താനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയോ, യോഗയില്‍ നൈപുണ്യം നേടിയവരേയോ നിശ്ചയിക്കാം. യോഗയ്ക്ക് ശേഷം യൂണിറ്റ് മേധാവികള്‍ പോലീസുകാരുമായി ആശയവിനിമയം നടത്താനും നിര്‍ദേശമുണ്ട്. സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷവും സേനയില്‍ കേരള പോലീസിന്റെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ആത്മഹത്യാ പ്രവണതയുള്ളവരെയും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരെയും കണ്ടെത്തി മതിയായ കൗണ്‍സിലിങ് നല്‍കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ജോലി സംബന്ധമായ പരാതികള്‍, വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിങ് സംവിധാനം ഉണ്ടാകണമെന്നുമായിരുന്നു തിരുമാനം. ഇത് പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തില്‍ മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: