വാഷിങ്ടണ്‍: ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വ്യക്ക സ്വീകരിച്ച 62കാരന് മരിച്ചു. അമേരിക്കന്‍ പൗരനായ റിച്ചാര്‍ഡ് സ്ലേമാനാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് അദ്ദേഹം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
മരണ കാരണം അവ്യക്തമാണെന്നും ഇതിന് ട്രാന്സ്പ്ലാന്റുമായി ബന്ധമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നും മരണ കാരണം പരിശോധിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വൃക്ക തകരാറിലായതിനെ തുടര്‍ന്ന് മാര്‍ച്ച് 21നാണ് റിച്ചാര്‍ഡ് സ്ലേമാനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന അപൂര്‍വ്വ നേട്ടവും സ്ലേമാന് ഇതോടെ സ്വന്തമാക്കിയിരുന്നു. പന്നിയുടെ വൃക്ക രണ്ടു വര്‍ഷത്തോളമെങ്കിലും മനുഷ്യനില്‍ പ്രവര്‍ത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. എന്നാല്‍ ടൈപ്പ് 2 പ്രമേഹവും രക്തസമ്മര്‍ദ്ദവും റിച്ചാര്‍ഡിനുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഈ രോഗങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് റിച്ചാര്‍ഡിന്റെ കുടുംബം രംഗത്ത് വന്നു. രോഗിയായിരുന്ന അദ്ദേഹത്തിന് ഏഴാഴ്ചകള്‍ കൂടി ജീവിക്കാന്‍ സാധിച്ചു. അത്രയും ദിവസം റിച്ചാര്‍ഡിനൊപ്പം ജീവിക്കാന്‍ സാധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ഇത് പ്രചോദനവും പ്രതീക്ഷയുമേകുന്നതാണെന്നും കുടുംബം പ്രതികരിച്ചു.
മസാച്യുസെറ്റ് ജനറല്‍ ആശുപത്രിയില്‍ നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് സ്ലേമാനില്‍ പന്നിയുടെ വൃക്ക പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു റിച്ചാര്‍ഡ് സ്ലേമാന്. ഇതിനിടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
വൃക്ക മാറ്റിവയ്ക്കുന്നതിന് പുറമെ പന്നികളില്‍ നിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തിയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളിലാണ് ഈ പരീക്ഷണം നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: