വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തകര്‍ത്ത് പ്രജ്ഞാനന്ദ. 11ാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. അതുവരെ ഒരു തോല്‍വി അറിയാതെ വിജയങ്ങളും സമനിലയുമായി പോയിരുന്ന കാള്‍സന് വന്‍ ആഘാതമാണ് ഈ തോല്‍വി ഏല്‍പിച്ചത്. രണ്ട് പോയിന്‍റാണ് കാള്‍സന് നഷ്ടമായത്.
ചെസില്‍ കുറഞ്ഞ സമയം കൊണ്ട് വിജയിയെ തീരുമാനിക്കുന്ന റാപിഡ്, ബ്ലിറ്റ്സ് എന്നീ വിഭാഗങ്ങളില്‍ ലോക ചാമ്പ്യനും എതിരാളികള്‍ ഇല്ലാത്തതുമായ താരമായാണ് മാഗ്നസ് കാള്‍സന്‍ അറിയപ്പെടുന്നത്. ആ കാള്‍സനെ ലോകത്ത് ഇടയ്‌ക്കിടെ പരാജയപ്പെടുത്തിക്കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ.
ക്വീന്‍ എന്‍ഡ് ഗെയിമില്‍ 69ാം നീക്കമായപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒരു കാലാള്‍ കൂടുതലായി. അധികം വൈകാതെ മാഗ്നസ് കാള്‍സന്‍ തോല്‍വി സമ്മതിച്ചു. പിന്നീട് ആ കളി തന്നെ എത്രമാത്രം ബാധിച്ചെന്ന് മാഗ്നസ് കാള്‍സന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ഈ കളിയില്‍ തന്റെ നാഡീവ്യൂഹം തന്നെ പാടെ തകര്‍ന്നെന്നാണ് മാഗ്നസ് കാള്‍സന്‍ പറഞ്ഞത്. ഇതോടെ ചൈനീസ് താരം വെയ് യി മാഗ്നസ് കാള്‍സനേക്കാള്‍ രണ്ടര പോയിന്‍റ് മുന്നിലായി. വെയ് യി 20.5 പോയിന്‍റോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മാഗ്നസ് കാള്‍സന്‍ 18 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായി. 14.5 പോയിന്‍റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തുണ്ട്.
“തുടക്കത്തില്‍ നന്നായി മുന്നേറുന്നതായി തോന്നിയിരുന്നു. എന്നാല്‍ പ്രജ്ഞാനന്ദയ്‌ക്കെതിരായ മത്സരത്തില്‍ എന്റെ നാഡീവ്യൂഹം തകര്‍ന്നു. അതിന് ശേഷം എന്റെ ഊര്‍ജ്ജമെല്ലാം വാര്‍ന്നുപോയതുപോലെ തോന്നി.” – മാഗ്നസ് കാള്‍സന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഡി.ഗുകേഷ് വെറും ഒമ്പതര പോയിന്‍റോടെ 10ാം സ്ഥാനത്താണ്. മറ്റൊരു ഇന്ത്യന്‍ താരമായ അര്‍ജുന്‍ എരിഗെയ്സി 14 പോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് പിന്നില്‍ നാലാം സ്ഥാനത്തുണ്ട്. ഇനി ഏഴ് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.
ആദ്യ ഒമ്പത് റൗണ്ട് റാപിഡ് മത്സരമായിരുന്നു. ഇതില്‍ നേരത്തെ ചൈനയുടെ വെയ് യി ചാമ്പ്യനായി. വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്. അഞ്ച് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ആണ് വെയ് യി നേടിയത്. ജയത്തിന് രണ്ട് പോയിന്‍റ്, സമനിലയ്‌ക്ക് ഒരു പോയിന്‍റ് എന്നിങ്ങനെയാണ് ലഭിക്കുക. ഒമ്പ്ത് കളിയും ജയിച്ചാല്‍ 18 പോയിന്‍റ്. വെയ് യി 18ല്‍ 13 പോയിന്‍റ് നേടി.
മാഗ്നസ് കാള്‍സനാണ് റാപിഡില്‍ രണ്ടാം സ്ഥാനത്ത്- 12 പോയിന്‍റ്. പത്ത് താരങ്ങളുടെ ഒമ്പത് റൗണ്ട് മത്സരത്തില്‍ മാഗ്നസ് തോല്‍വി അറിഞ്ഞില്ലെങ്കിലും സമനിലകള്‍ കൂടുതലായിരുന്നതിനാലാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മൂന്ന് ജയവും ആറ് സമനിലയുമായിരുന്നു കാള്‍സന്. ഇന്ത്യയുടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി-10 പോയിന്‍റ്.പ്രജ്ഞാനന്ദയ്‌ക്ക് മൂന്ന് ജയം ഉണ്ടായെങ്കിലും നാല് സമനിലകളും രണ്ട് തോല്‍വിയും ഉണ്ടായി. അതിവേഗ കരുനീക്കങ്ങള്‍ക്ക് പേര് കേട്ട റാപിഡ് ചെസില്‍ ഇന്ത്യയിലെ ഒന്നാമന്‍ തന്നെയാണ് പ്രജ്ഞാനന്ദയെ കണക്കാക്കുന്നത്.
ഇനി ഒമ്പത് റൗണ്ടുകള്‍ ബ്ലിറ്റ്സ് പൂര്‍ത്തിയാകാനുണ്ട്. ഞായറാഴ്ചയോടെ ബ്ലിറ്റ്സ് ചാമ്പ്യനാര് എന്ന് അറിയാന്‍ കഴിയും.
ഗ്രാൻഡ് ചെസ്സ് ടൂർ
ഗ്രാൻഡ് ചെസ്സ് ടൂർ (GCT) എന്നത് ചെസ്സ് ടൂർണമെൻ്റുകളുടെ ഒരു സർക്യൂട്ടാണ് , അവിടെ കളിക്കാർ ഒന്നിലധികം സമ്മാന പൂളുകൾക്കായി മത്സരിക്കുന്നു. ഗ്രാൻഡ് ചെസ് ടൂറിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ടൂർണമെൻ്റുകളിൽ നോർവേ ചെസ്സ് , സിൻക്യൂഫീൽഡ് കപ്പ് , ലണ്ടൻ ചെസ്സ് ക്ലാസിക് എന്നിവ ഉൾപ്പെടുന്നു . സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റ് സൂപ്പര്‍ ചെസിന്റെ ഭാഗമാണ്. (വിക്കിപീഡിയ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: