തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറെ വിമര്‍ശിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധം.സി പി ഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രന്‍ കല്ലിങ്കലിനാണ് നോട്ടീസ് ലഭിച്ചത്.
ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.തിങ്കളാഴ്ച എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും. കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തുക മാത്രമല്ല ഒരു മണിക്കൂറോളം വീട്ടില്‍ കാത്തിരിക്കേണ്ടിയും വന്നു കളക്ടറെ ചികിത്സിക്കാന്‍. ഇതിനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനാണ് നോട്ടീസ് നല്‍കിയത്.
ജോയിന്റ്കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന്‍ കല്ലിംഗലിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതും ജീവനക്കാര്‍ക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെ മാത്രമല്ല ജീവനക്കാരോടുള്ള കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ പെരുമാറ്റത്തെയും ജയചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.തെരഞ്ഞെടുപ്പ് കാലത്ത് വരണാധികാരി കൂടിയായ കളക്ടര്‍ ജീവനക്കാര്‍ക്ക് ലീവ് അനുവദിച്ചില്ലെന്നും ജയചന്ദ്രന്‍ കുറ്റപ്പെടുത്തി. ഈ വിമര്‍ശനമാണ് ചട്ടലംഘനമായി കാരണം കാണിക്കല്‍ നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: