കൊച്ചി: ചിന്മയ ശങ്കരത്തിന്റെ വേദിയില്‍ അഭിമാന താരമായി ജ്വലിച്ച് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി. നായര്‍. പാലക്കാട് പല്ലാവൂര്‍ ചിന്മയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അദ്ദേഹം രാജ്യത്തിന്റെ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്യാന് സംഘത്തലവനാണ്.
ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തിയ പ്രശാന്ത് ബി. നായരെ ചിന്മയ മിഷന് ഗുരുജി തേജോമയാനന്ദ, ചിന്മയ മിഷന് ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി, ചിന്മയ മിഷന് കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തിയ അദ്ദേഹം സ്വാമി ചിന്മയനന്ദയുടെ വാക്കുകള്‍ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് ഉദാഹരണ സഹിതം വിശദീകരിച്ചു. ചിന്മയ വിദ്യാലയത്തിലെ പഠനവും, ചിന്മയ മിഷനുമായുള്ള അഗാധ ബന്ധവും ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അക്കമിട്ടു പറഞ്ഞ പ്രശാന്ത് സദസിനായി ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു പഠന കാലത്തെടുത്ത ചിത്രവും പങ്കുവച്ചു. ജീവിതത്തിലെ ഓരോരോ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴും അതിനു പ്രചോദനമാകുന്നത് സ്വാമി ചിന്മയാനന്ദയുടെ ദര്‍ശനങ്ങളാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
രാജ്യത്തിനായി പ്രവര്‍ത്തിക്കുകയെന്ന ധര്‍മം ഓരോ പൗരനും ചെയ്യണമെന്നും ജീവിതം മുഴുവന്‍ വിദ്യാര്‍ഥിയായിരിക്കുക എന്നതാണ് എറ്റവും വലിയ കാര്യമെന്നും ഭാരതത്തിന്റെ പാരമ്പര്യം മുറുകെപ്പിടിക്കാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഭാര്യ ലെനയ്ക്കൊപ്പമാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തിയത്. പ്രസംഗം അവസാനിപ്പിച്ച ശേഷം സദസിലുള്ളവരുമായി വ്യക്തിപരമായി ആശയങ്ങള്‍ പങ്കിടുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: