ന്യൂദല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കുമാണ് കേന്ദ്ര ടെലികോം മന്ത്രാലയ നിര്‍ദേശം.
പൗരരെ ഓണ്‍ലൈന്‍ തട്ടിപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഭീഷണികളില്‍ നിന്നു രക്ഷിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും ചേര്‍ന്ന് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. വിവിധ സൈബര്‍ ക്രൈമുകളുടെ ഭാഗമായ 28,200 മൊബൈല്‍ ഫോണാണ് പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നു കണ്ടെത്തിയത്. 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഈ മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടുള്ളതാണ്.
മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ ചക്ഷു വഴി ടെലികോം മന്ത്രാലയം കഴിഞ്ഞാഴ്ച ഒരു മൊബൈല്‍ നമ്പരും അതുമായി ബന്ധപ്പെട്ട ഇരുപതോളം മൊബൈല്‍ ഡിവൈസുകളും ബ്ലോക്ക് ചെയ്തിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സര്‍വീസാണ് ചക്ഷു. സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷമൊരുക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു ടെലികോം മന്ത്രാലയം അറിയിച്ചു.
മാര്‍ച്ചിലാണ് ടെലികോം മന്ത്രാലയം ചക്ഷു പോര്‍ട്ടല്‍ ആരംഭിച്ചത്. അന്‍പതിലേറെ കമ്പനികളെ വ്യാജ എസ്എംഎസുകളും മറ്റും അയച്ചതിന് കരിമ്പട്ടികയില്‍പ്പെടുത്തി നടപടികളെടുത്തു.
രാജ്യത്ത് 348 മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ബ്ലോക്ക് ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ 1.66 കോടി മൊബൈല്‍ കണക്ഷനുകള്‍ ടെലികോം മന്ത്രാലയം റദ്ദാക്കി. ആളുകള്‍ പരാതിപ്പെട്ടതനുസരിച്ച് 20 ലക്ഷവും ഒരേ രേഖകള്‍ പ്രകാരം അനുവദനീയമായതിലും അധികം സിം കാര്ഡെടുത്തതിന് 50 ലക്ഷത്തിലധികവും കണക്ഷനുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: