ജാമ്യം ലഭിക്കാന്‍, നീതിന്യായ സംവിധാനം ചിട്ടപ്പെടുത്തിയ ചട്ടങ്ങള്‍ ഒന്നും പാലിക്കാത്ത, അഴിമതി കേസില്‍ പ്രതിയായ, മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന, ഒരാള്‍ക്ക് കോടതി അതും സുപ്രീം കോടതി, ജാമ്യം അനുവദിച്ച്, ‘പോയി തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ പങ്കുചേരൂ പടപൊരുതൂ’ എന്ന് പറഞ്ഞത് ഒരു കടന്ന കൈയായി എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കൊപ്പമാണ് ഞാനും. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യ വിഷയത്തെക്കുറിച്ചാണ് പറയാന്‍ തുടങ്ങുന്നത്. ‘ബന്ധുക്കളെക്കൊന്ന് രാജ്യം ഭരിക്കാന്‍ കഴിയില്ല’ എന്നുപറഞ്ഞ് തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന അര്ജുനനോട്, ‘യുദ്ധായ കൃത നിശ്ചയ’, ‘ക്ലൈബ്യം മാസ്മ ഗമഃ’ എന്നിങ്ങനെ പറഞ്ഞ്, ഗീത ഉപദേശിച്ച് ശ്രീകൃഷ്ണന് യുദ്ധക്കളത്തില്‍ ഇറക്കിയതുപോലെയൊന്നുമല്ല സുപ്രീം കോടതി കേജ്രിവാളിനെ ജയിലില്‍ നിന്ന് വിട്ടിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷമില്ലാതെ തെരഞ്ഞെടുപ്പ് പൂര്‍ണമാകില്ലെന്ന ധര്‍മ്മബോധം ഉണ്ടായപ്പോഴാണ് കോടതി ഇത് ചെയ്തതെന്ന് വിശാലമായി വീക്ഷിക്കാം. അങ്ങനെ വേണം വീക്ഷിക്കാനെന്നാണ് വിദഗ്ധരുടെ മതം. അങ്ങനെയാവട്ടെ: ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ എന്നൊക്കെയാണല്ലോ നമ്മുടെ ആപ്ത വാക്യങ്ങള്‍. അത് ‘ആപ്പ്'(എഎപി) വാക്യമാക്കുന്ന കാലം വരുമായിരിക്കും! വരട്ടെ; അതിന് കേജ്രിവാളിനെ ഹനുമാന് സ്വാമി തോന്നിപ്പിക്കട്ടെ!!
പക്ഷേ, ഇവിടെ ധര്‍മ്മം പ്രതിക്കൂട്ടിലാവുകയാണ് എന്ന നിരീക്ഷണത്തില്‍ തെറ്റില്ല എന്ന് തോന്നുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ കോടതി ഇടപെടുന്ന സാഹചര്യത്തിന് എന്താണ്, ആരാണ് വഴിയൊരുക്കിയത്? മുഖ്യമന്ത്രി കേജ്രിവാള്, അദ്ദേഹത്തിന്റെ മന്ത്രിമാര്‍ ഒക്കെ ജനാധിപത്യ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭത്തിലോ സമരത്തിലോ പ്രതിയാക്കപ്പെട്ട് ജയിലിലായതല്ലല്ലോ? പൊതുഖജനാവ് കൊള്ളയടിക്കാനിടയാക്കുന്ന അഴിമതി പ്രവര്‍ത്തനത്തിന് ‘നയവും(മദ്യ) നിയമവു’ മുണ്ടാക്കിയ കുറ്റത്തില്‍ പങ്കാളിത്തമുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കേസുണ്ടായത്, അറസ്റ്റിലായത്, ജയിലിലായത്. ഈ ഘട്ടത്തിലൊന്നും കോടതി അറിയാതെപോയ വിഷയമാണ് ഇപ്പോഴത്തെ ഈ ധാര്‍മ്മികതയെന്നു വിമര്‍ശിക്കാനാവില്ല. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ആരും ആര്‍ക്കും മേലേയല്ല എന്നെല്ലാമുള്ള നിയമ ധാര്‍മ്മിക നിലപാടുകള്‍ക്ക് ചില ഘട്ടത്തില്‍ ചിലര്‍ക്ക് ഇളവോ പരിഗണനയോ ലഭിക്കുമ്പോഴാണ് ജനാധിപത്യ സംവിധാനം വാസ്തവത്തില്‍ തകര്‍ക്കപ്പെടുന്നത്. കോടതിക്ക് തീരുമാനിക്കാനാവുന്നതോ ഇത്തരം വിഷയങ്ങള്‍ എന്നത് നാളെ വലിയ നിയമ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.
ശരി, ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ എല്ലാ പൗരരും വോട്ടവകാശം നിര്‍ബന്ധമായും നിര്‍വഹിക്കണമെന്ന് കോടതി നാളെ നിര്‍ദ്ദേശിക്കുമോ? നിര്‍ദ്ദേശിച്ചാല്‍ കേജ്രിവാളിന്റെ ജാമ്യത്തിന് കൈയടിച്ചവര്‍ക്ക് ആ നിലപാടാകുമോ? കുറ്റം ചെയ്തു പോയി എന്ന കാരണത്താല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യ പ്രകാരം ശരിയല്ലെന്ന് കോടതി ഇനിയൊരിക്കല്‍ നിരീക്ഷിക്കുമോ? നിരീക്ഷിച്ചാല്‍ പൗരത്വ നിയമ ഭേദഗതിക്കാരും എതിര്‍ക്കുന്നവരും എന്ത് നിലപാടെടുക്കും? ‘പണ്ടോരപ്പെട്ടി’യല്ലേ തുറന്നിരിക്കുന്നത്?
ജാമ്യം അനുവദിക്കുമ്പോള്‍ കോടതികള്‍ ഒട്ടേറെ വ്യവസ്ഥകള്‍ വയ്ക്കാറുണ്ട്. അതിലൊന്ന് പരസ്യ പ്രസ്താവനകള്‍, കേസ് കാര്യത്തിലെ വിമര്‍ശനങ്ങള്‍, വെളിപ്പെടുത്തലുകള്‍ പാടില്ല എന്നതാണ്. കേജ്രിവാളിന് അതൊക്കെ സാദ്ധ്യമല്ലെങ്കില്‍പ്പിന്നെ എന്ത് ജനാധിപത്യപ്പോരാട്ടം? സാദ്ധ്യമെങ്കില്‍ നാളെ ജാമ്യത്തിലിറങ്ങുന്ന ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് ആ അവകാശങ്ങള്‍ ലഭ്യമാക്കണമെന്ന് വന്നാലോ? ഇതെല്ലാം പ്രത്യേക സാഹചര്യത്തില്‍ ഒരിക്കല്‍, ഒരാള്‍ക്കുമാത്രം എന്ന വ്യവസ്ഥ പോലും ജനാധിപത്യത്തിന് യോജിക്കുന്നില്ലല്ലോ. എന്നിങ്ങനെ സാധാരണ പൗരന് തോന്നാന്‍ ഇടയാക്കി എന്നതാണ് ഈ കോടതിവിധിയുടെ ഗതി.
ഒരു പക്ഷേ, നിയമ പുസ്തകങ്ങള്‍ക്ക്, ഭരണഘടനയുടെ വ്യാഖ്യാനങ്ങള്‍ക്ക് ഒക്കെ ഇപ്പറഞ്ഞ ആശങ്കകള്‍ക്ക് മറുപടിയുണ്ടാകാം. പക്ഷേ, 140 കോടിയോളം വരുന്ന ജനങ്ങളുടെയിടയില്‍ ഒരാളുടെയെങ്കിലും മനസ്സില്‍ കോടതിയെന്ന ആശ്രയ അഭയ കേന്ദ്രത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശാല വിശ്വാസത്തില്‍ ഈ തീരുമാനം ഒരു കറുത്ത കുത്ത് വീഴ്ത്തിയിട്ടുണ്ടെങ്കില്‍ അത് അപകടം തന്നെയാണല്ലോ. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
പക്ഷേ, പോക്ക് അങ്ങനെയല്ല. അടിയന്തരാവസ്ഥയെന്ന ജനാധിപത്യ ധ്വംസനത്തിന്റെ ഭീകരകാലം ഓര്‍മ്മിക്കണം. ഒരു കോടതി വിധിയുണ്ടാക്കിയ സാഹചര്യത്തിലാണ് അതിന്റെ വിത്ത്. കോടതിയുടെയും കഴുത്ത് ഞെരിക്കാനിടയായ സാഹചര്യത്തിലേക്ക് അത് വളര്‍ന്നു. ഈ ചരിത്രങ്ങളൊക്കെ രാഷ്ട്രീയ സാമൂഹ്യ നയതന്ത്ര പാഠങ്ങളാണ്. അതുകൊണ്ടാണ്, കേജ്രിവാളിന് ‘ജനാധിപത്യ ധര്‍മ്മസ്ഥാപന’ത്തിനായി അനുവദിച്ച ജാമ്യത്തെ അയല്‍ രാജ്യമായ പാകിസ്ഥാന്, ഭാരത പ്രധാനമന്ത്രിയുടെ പരാജയമായി വ്യാഖ്യാനിച്ചത്. ആ പ്രചാരണത്തിന് ജനമനസ്സുകളില്‍ ചിലതിലും ലോക രാജ്യങ്ങള്‍ക്കിടയിലും ഭാരതത്തെക്കുറിച്ചുണ്ടാക്കിയ തെറ്റിദ്ധാരണ ചെറുതല്ല. പാകിസ്ഥാനില്‍ സൈന്യവും ഭരണകൂടവും പരമോന്നത കോടതിയും ഏറെ സ്വതന്ത്രമായ വെവ്വേറേ സംവിധാനങ്ങളാണ്. അവിടെ ഭരണഘടന അങ്ങനെയാണ്. ഭാരതത്തില്‍ അങ്ങനെയല്ല. പക്ഷേ, അത്തരത്തില്‍ തോന്നലുണ്ടാകാനിടയാക്കിയാല്മതി, അവതാളങ്ങള്‍ക്ക് ഇടയുണ്ടാകാം. കാരണം, ജനാധിപത്യം നമ്മുടെ നാട്ടില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരമാവധി അനുഭവിപ്പിക്കുന്ന വിചിത്രധര്മ്മ ക്രിയ കൂടിയാണല്ലോ!
കോടതി അനുവദിക്കുന്ന ജാമ്യം കുറ്റവിമുക്തിയുടെ തെളിവല്ല; കേജ്രിവാളിന്റെ കാര്യത്തില്‍ കോടതി കേസ് തള്ളിയിട്ടില്ല. ഇവിടെ, കേജ്രിവാള് മുഖ്യമന്ത്രിയാണ്. അതിന് മുമ്പ്, അഴിമതിക്കെതിരെ സമൂഹ മനസ്സിനെ ഉണര്‍ത്തി ഒരുമിപ്പിച്ച ഒരു ജനകീയ സംരംഭത്തിന്റെ തലപ്പത്തു നിന്നയാളാണ്. പക്ഷേ, ആ ജനതയെ നയിക്കുന്ന സംവിധാനത്തിന്റെ നിര്‍വഹണ ഭാഗമായപ്പോള്‍ പാളിപ്പോയി; ആളുമാറിയേപോയി.
ശരിവഴിക്ക് പോകാന്‍ അവസരങ്ങള്‍ ലഭിച്ചത് എല്ലാം പാഴാക്കി. വെള്ളത്തില്‍ മുങ്ങി മരണം നടന്ന സംഭവങ്ങളുടെ സൂക്ഷ്മ വിവരണങ്ങള്‍ വായിച്ചാലറിയാം, മരിക്കും മുമ്പ് മൂന്നു തവണ ശ്വാസമെടുക്കാന്‍ പൊങ്ങി വരാന്‍ അവസരം കിട്ടും. എങ്കിലും രക്ഷപ്പെട്ടവര്‍ കുറവാണ്. അവസാന അവസരത്തില്‍ കൈ പിടിക്കാന്‍ ആളുണ്ടാവണം. പക്ഷേ, സൂക്ഷിക്കണം; മരണവെപ്രാളക്കാര് പിടിച്ച പലരും രക്ഷിക്കാന്‍ ശ്രമിക്കവേ കൂടെ മുങ്ങിച്ചത്ത അനുഭവങ്ങളാണ് അധികം. അഴിമതിക്കയത്തില്‍ മുങ്ങിപ്പോയാല്‍ രക്ഷ എളുപ്പമല്ല. അത് മദ്യപിച്ച് മുങ്ങിയാല്‍ പ്രത്യേകിച്ച്… അപ്പോള്‍ മദ്യനയത്തില്‍ മുങ്ങിയാലത്തെ കാര്യം പറയണോ…പ്രശ്നം ഈ ജാമ്യത്തെ സ്വാര്‍ത്ഥമതികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുമെന്നതാണ്. അത് മഹദ് വിജയ വാഴ്ത്തി അന്ധന്മാര് രോമാഞ്ചം കൊള്ളുമെന്നതാണ്… അതിലാണപകടം.
കേജ്രി പറയുന്നത് നരേന്ദ്രമോദി മൂന്നാമതും ഭരണത്തില്‍ വന്നാല്‍ പിണറായി വിജയനെന്ന കേരള മുഖ്യമന്ത്രിയേയും പിടികൂടി ജയിലിലാക്കുമെന്നാണ്. കേസെടുക്കുന്നത് പോലീസ്, അല്ലെങ്കില്‍ കോടതി നിര്‍ദ്ദേശം. കേസ് തീര്‍പ്പാക്കുന്ന നിയമ നീതി സംവിധാന നടത്തിപ്പിലും നിര്‍വഹണ വിഭാഗത്തലവനായ പ്രധാനമന്ത്രിക്ക് പങ്കില്ല. പക്ഷേ, പ്രധാനമന്ത്രി മോദിക്കാണ് കുറ്റം!! കോടതികള്‍ ഈ ജല്പ്പനങ്ങളും കേള്‍ക്കുന്നുണ്ടാവണം!! കോടതിയെക്കുറിച്ച്, സുപ്രീം കോടതിയെക്കുറിച്ച്, പിണറായി വിജയന്റെ കാര്യത്തില്‍ സാമാന്യജനത്തിന് ഒരു ആക്ഷേപമുണ്ട്. പിണറായി പ്രതിസ്ഥാനത്തുണ്ടായിരുന്ന എസ്എന്‍സി ലാവ്ലിന് കേസില്‍ വാദം കേള്‍ക്കാതെ സുപ്രീം കോടതി 35 തവണ മാറ്റിവച്ചു. പലരും പല കാരണങ്ങള്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐക്ക് കഴിയാത്തതാണ് വാസ്തവത്തില്‍ ഒരു കാരണം. വൈദ്യുതി മന്ത്രി, ഭരണമുന്നണി നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ സ്വാധീന സ്ഥാനങ്ങളിലിരിക്കെ കേസില്‍ തെളിവുകള്‍ നശിപ്പിക്കാനോ, തിരുത്താനോ ഒക്കെ ലാവ്ലിന് കേസില്‍ പ്രതികള്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഒരു ആരോപണം. എന്തായാലും ‘തെളിവില്ലാത്തതിനാല്‍ കേസ് തള്ളുന്നു’ എന്ന് കോടതി പറയാത്തിടത്തോളം ലാവ്ലിന് കേസില്‍ പിണറായി ‘പ്രതിയെന്ന് സംശയിക്കപ്പെടുന്ന’ സ്ഥിതിയിലാണ്. ചിലപ്പോള്‍ സിബിഐ തെളിവു കണ്ടെത്തി പിണറായിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടാം. കോടതിക്ക് ബോധ്യപ്പെട്ടാല്‍ വിചാരണ നടക്കാം. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടാം. കേജ്രിവാള് പറഞ്ഞ പോലെ ജയിലിലാകാം. അതില്‍ മോദിക്ക് പങ്കില്ല. പക്ഷേ, ഒന്നുണ്ട്: അധികാരമുള്ള മുഖ്യമന്ത്രി കേജ്രിവാള് ജാമ്യത്തില്‍ പുറത്തു നില്‍ക്കെ ദല്‍ഹി മദ്യനയക്കേസ് അട്ടിമറിക്കപ്പെടാം. പല കേസുകളിലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് വാദിക്കുന്ന പ്രോസിക്യൂഷന് ഭാഗം ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്നം അതാണല്ലോ. പ്രതി തെളിവ് നശിപ്പിക്കാം, സാക്ഷിയെ സ്വാധീനിക്കാം, എന്നിങ്ങനെ… കോടതിയുടെ ഈ ജാമ്യ വിധി ഒരു പാട് നിയമ ധര്‍മ്മ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നുവെന്നേ ഇപ്പറഞ്ഞതിനൊക്കെ അര്‍ത്ഥമുള്ളു. നമുക്ക് കാത്തിരുന്നു കാണാം. ഒന്നും കാണാതെ സുപ്രീം കോടതി ജഡ്ജിമാര്‍ നിര്‍ണായക വിഷയത്തില്‍ തീരുമാനമെടുക്കില്ലല്ലോ.
പിന്കുറിപ്പ്: ജനാധിപത്യ സംരക്ഷണത്തില്‍ കോടതികള്‍ക്കുള്ള താല്‍പ്പര്യം കാണണം. എന്നാല്‍, ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമാകാന്‍ കരുത്തുണ്ടെന്ന് തെളിയിക്കാന്‍, ദക്ഷിണ ഭാരത സംസ്ഥാനങ്ങളെ നയിക്കുന്നതിന് മുന്നിട്ടിറങ്ങിയയാളാണ് പിണറായി വിജയന്. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷ നിരയെ നയിക്കാന്‍ നില്‍ക്കാതെ കുടുംബത്തെ നയിച്ച് അദ്ദേഹം വിദേശത്തേക്കു പോയ പോക്കിന്റെ സന്ദേശമെന്താണ്? വിപ്ലവം നാക്കിന് വഴക്കത്തിലൂടെയെന്നോ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: