കൊച്ചി: എറണാകുളത്തപ്പന്റെ മണ്ണില്‍ വേദാന്ത വിജ്ഞാന ജ്യോതി പടര്‍ത്തിയ ചിന്മയ ശങ്കരത്തിന് ഇന്ന് സമാപനം.
ശങ്കര ജയന്തിയായ ഇന്ന് ചിന്മയ ശങ്കരത്തിന്റെ വേദിയില്‍ നിന്ന് മുഴുവന്‍ ആളുകളും തീര്‍ത്ഥയാത്രയായി ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ജന്മം കൊണ്ടുപവിത്രമായ പിറവത്തിന് സമീപം വെളിയനാട്ടുള്ള മേല്‍പ്പാഴൂര്‍ മനയിലെ ആദിശങ്കര നിലയത്തിലെ പ്രത്യേക പൂജകളില്‍ പങ്കെടുക്കും. തുടര്‍ന്ന് എല്ലാവരും ചിന്മയ വിശ്വവിദ്യാപീഠം കല്പിത സര്‍വകലാശാലയുടെ ഓണക്കൂര്‍ പെരിയപ്പുറത്ത് നിര്‍മിച്ച പുതിയ കെട്ടിട സമുച്ചയമായ ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ചിന്മയ മിഷന് ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിധ്യത്തില്‍ ചിന്മയ മിഷന് ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
രാവിലെ നഗരസങ്കീര്ത്തനത്തോടെയാണ് ചിന്മയ ശങ്കരത്തില്‍ നാലാം ദിവസം തുടങ്ങിയത്. ചിന്മയ ശങ്കരത്തില്‍ പങ്കെടുത്തവര്‍ നാമജപങ്ങളുമായി സ്വാമി ചിന്മയാനന്ദ റോഡിലൂടെ നഗര പ്രതിക്ഷണം നടത്തി. ഓരോ വ്യക്തിയും സ്വന്തം ജനനത്തിന്റെ രഹസ്യം മനസിലാക്കിയാല്‍ ഈശ്വര ചൈതന്യം ആത്മാവില്‍ നിറയുമെന്ന് ചിന്മയ മിഷന് ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
ചിന്മയ ശങ്കരത്തില്‍ ഭഗവത്ഗീതയെ അടിസ്ഥാനമാക്കി സംഭവാമി യുഗേ യുഗേ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം കര്‍മത്തില്‍ ഓരോ വ്യക്തിയും ഉറച്ച് വിശ്വസിക്കണം. ഓരോ വ്യക്തിയുടെയും കര്‍മങ്ങളില്‍ ഈശ്വരാംശം ഉണ്ടാകണം. ഇങ്ങനെയുള്ള വ്യക്തികളുടെ ജീവിതത്തില്‍ ഈശ്വരസാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാമി ചിന്മയാനന്ദക്കൊപ്പം പങ്കിട്ട നിരവധി നല്ല നിമിഷങ്ങളെക്കുറിച്ചും സ്വാമി സ്വരൂപാനന്ദ സരസ്വതി വാചാലനായി. ദൈവത്തിലും ഗുരുവിലും ഉറച്ച് വിശ്വസിക്കാന്‍ ഓരോരുത്തരും തയ്യാറാകണമെന്ന് ചിന്മയ മിഷന് ഗുരുജി സ്വാമി തേജോമയാനന്ദ പറഞ്ഞു. ഗുരുദേവും ഭഗവത്ഗീതയും എന്ന വിഷയത്തില്‍ ചിന്മയ ശങ്കരത്തിന്റെ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാമി ചിന്മയാനന്ദ ഭഗവദ്ഗീത വായിക്കുകയോ പഠിപ്പിക്കുകയോ മാത്രമായിരുന്നില്ലെന്നും ഗീതയില്‍ ജീവിച്ച വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകഴിഞ്ഞ് പെയ്ത വേനല്‍മഴയ്ക്കൊപ്പം എറണാകുളത്തപ്പന്റെ മണ്ണില്‍ ഭക്തിസുധയായി ഭഗവത്ഗീത പെയ്തിറങ്ങി. ആയിരങ്ങള്‍ പങ്കെടുത്ത സമൂഹ ഭഗവത്ഗീതാപാരായണം എല്ലാവര്ക്കും നവ്യാനുഭവമായി.
ചിന്മയ മിഷനിലെ മുതിര്‍ന്ന സ്വാമിമാരും സ്വാമിനിമാരും ഗീതാപാരായണത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന ആരതിക്ക് ചിന്മയ മിഷനിലെ ബ്രഹ്മചാരിയും ചിന്മയ ശങ്കരം ചീഫ് കോഓര്‍ഡിനേറ്ററുമായ ബ്രഹ്മചാരി സുധീര്‍ ചൈതന്യ നേതൃത്വം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ ഗീതായജ്ഞത്തില് പങ്കെടുത്തു. എല്ലാവര്ക്കും ഭഗവത്ഗീത സൗജന്യമായി നല്കി. ചിന്മയ വിശ്വവിദ്യാപീഠം കല്പിത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഭാരതീയ പാരമ്പര്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച സംഗീത നാടകം സദസിന് നവ്യാനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: