ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 96 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. ആന്ധ്രാപ്രദേശിലെ 175, ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതിനൊപ്പം നടക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന 96ല്‍ 42 സീറ്റിലും നിലവില്‍ ബിജെപി എംപിമാരാണുള്ളത്. കോണ്‍ഗ്രസിനുള്ളതാകട്ടെ ആറ് എംപിമാരും. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് 10 സീറ്റുകളിലായിരുന്നെങ്കില്‍ 2014ല്‍ അത് 38 ആയും 2019ല്‍ 42 ആയും ഉയരുകയായിരുന്നു. ബിജെപി സഖ്യകക്ഷികള്‍ക്ക് ലഭിച്ച സീറ്റുകള്‍ ഉള്‍പ്പെടാതെയാണിത്.
2009ല്‍ 50 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2014 എത്തുമ്പോഴേക്ക് സീറ്റുകളുടെ എണ്ണം മൂന്നായി കുത്തനെ കുറഞ്ഞു. 2019ല്‍ ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2019ല്‍ ബിജെപി മത്സരിച്ച 89 സീറ്റുകളില്‍ 43 സീറ്റുകളില്‍ 40 ശതമാനത്തില്‍ അധികം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 43 സീറ്റുകളില്‍ 10 ശതമാനത്തില്‍ താഴെ വോട്ടു മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
നാളെ തെഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ എട്ടില്‍ എട്ടിലും ഉത്തര്‍പ്രദേശിലെ 13ല്‍ 13 സീറ്റിലും 2019ല്‍ ബിജെപിയാണ് വിജയിച്ചത്. മഹാരാഷ്ട്രയിലെ 11ല്‍ ഏഴിലും ഝാര്‍ഖണ്ഡിലെ നാലില്‍ മൂന്നിലും വിജയം ബിജെപിക്കായിരുന്നു. തെലങ്കാനയില്‍ 17ല്‍ നാലു സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
ആന്ധ്രാപ്രദേശില്‍ സീറ്റുകള്‍ ഒന്നും ലഭിച്ചിരുന്നുമില്ല. ഈ രണ്ട് സംസ്ഥാനങ്ങിലും വന്‍മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശില്‍ മുന്‍ ഭരണകക്ഷികൂടിയായ ടിഡിപിക്കൊപ്പം സഖ്യമായാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: