കൊച്ചി: ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണങ്ങളില്‍ സമീപഭാവിയില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കാളിത്തം നല്‍കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് പറഞ്ഞു.
ജയ്ജി പീറ്റര്‍ ഫൗണ്ടേഷന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ജയ്ജി പീറ്ററുടെ 27-ാം അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കുള്ള ഏറ്റവും വലിയ റോക്കറ്റായ എല്‍വിഎം 3 യുടെ നിര്‍മാണത്തിന് സ്വകാര്യ മേഖലയെ പങ്കെടുപ്പിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഭാവിയില്‍ ഗഗന്യാന്, സ്പേസ് സ്റ്റേഷന് തുടങ്ങിയ പദ്ധതികള്‍ ഐഎസ്ആര്‍ഒയും സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യവും ചേര്‍ന്ന് നടത്തും.
ബഹിരാകാശ ഗവേഷണത്തിന് പണം മുടക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനായി അമേരിക്ക സാങ്കേതിക വിദ്യാരംഗത്ത് നടത്തിയ നിക്ഷേപമാണ് ആ രാജ്യത്തെ ലോകത്തിന്റെ മുന്‍നിരയിലേക്ക് നയിച്ചത്. സാങ്കേതിക വിദ്യാരംഗത്ത് വളരുന്നതിലൂടെ ഭാരതത്തിന് ഏറെ വികസിക്കാന്‍ സാധിക്കും. അതു മനസിലാക്കി അധികാര കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ഡോ. സോമനാഥ് പറഞ്ഞു
ഫൗണ്ടേഷന് പ്രസിഡന്റ് ജോസഫ് ജെ. കരൂര്‍ അധ്യക്ഷനായി. മാധ്യമപ്രവര്ത്തകന് വി.കെ. രവിവര്‍മ തമ്പുരാന് ആമുഖപ്രഭാഷണം നടത്തി. ഫൗണ്ടേഷന് രക്ഷാധികാരി ജോസ് പീറ്റര്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഉപഹാരം സമര്‍പ്പിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: