മാവേലിക്കര: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുക എന്നതിലുപരി തിരിച്ചറിവ് നേടലാണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്. എച്ച്. പഞ്ചാപകേശന്‍. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ – സൈനിക സ്കൂളില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച ഭൗതിക സാഹചര്യങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് ഉണ്ട് എന്ന കാരണത്താല്‍ അതൊരു മികച്ച വിദ്യാലയമാകണമെന്നില്ല. അറിവും തിരിച്ചറിച്ചറിവും മൂല്യങ്ങളും പകര്‍ന്നു നല്കി ദേശീയബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്ന വിദ്യാലയങ്ങളെ മാത്രമേ മികച്ച വിദ്യാലയം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കയുള്ളു.
വിദ്യാഭ്യാസ മേഖലയില്‍ ഭാരതീയ വിദ്യാനികേതന്‍ നല്കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്നു നല്കുന്ന രീതിയിലേക്ക് അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി.
വിദ്യാനികേതന്‍ ദേശീയസമിതി അംഗം കാശിപതി, ക്ഷേത്രീയ സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍, സംസ്ഥാന സെക്രട്ടറി ആര്.വി. ജയകുമാര്‍, സംഘടനാ സെക്രട്ടറി അനീഷ്, സ്കൂള്‍ മാനേജിങ് ട്രസ്റ്റി എം.എന്‍. ശശിധരന് എന്നിവര്‍ സംസാരിച്ചു. ഇന്നലെയും ഇന്നുമായി നടക്കുന്ന സംസ്ഥാന പ്രതിനിധി സഭയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: