ലണ്ടന്‍: ഫുള്‍ഹാമിനെ അവരുടെ സ്വന്തം ക്രാവന്‍ കോട്ടേജില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ത്ത് തകര്‍ത്ത് സിറ്റി പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. ടീമിലെ ക്രൊയേഷ്യന്‍ പ്രതിരോധ താരം ജോസ്കോ ഗ്വാര്‍ഡിയോളിന്റെ ഇരട്ട ഗോളായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗ്വാര്‍ഡിയോള്‍ നേടിയ നിര്‍ണായക ഗോളുകള്‍ ജയത്തിനൊപ്പം ആഴ്സണലുമായുള്ള ഗോള്‍ വ്യത്യാസം കുറയ്ക്കാനും സിറ്റിക്ക് സാധിച്ചു.
ലീഗ് അവസാനത്തോടടുക്കുമ്പോള്‍ സിറ്റിയും ആഴ്സണലും ആണ് ഇത്തവണത്തെ കിരീടനേട്ടത്തിനായി ഇഞ്ചോടിഞ്ച് പൊരുതിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ഇവര്‍ക്കൊപ്പം ലിവര്‍പൂളും ഒപ്പത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒരുമാസമായി തുടരുന്ന ലിവറിന്റെ മോശം ഫോം പ്രീമിയര്‍ ലീഗിലും ബാധിച്ചു. 36 കളികള്‍ പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് 78 പോയിന്റാണുള്ളത്. ഇത്രയും കളികളില്‍ നിന്ന് 83 പോയിന്റ് നേടിയ ആഴ്സണലിനെ ഇന്നലത്തെ ജയത്തോടെ സിറ്റി മറികടന്നു. 36-ാം മത്സരത്തിലൂടെ 85 പോയിന്റാണ് സിറ്റി നേടിയിരിക്കുന്നത്.
ഫുള്‍ഹാമിനെ അവരുടെ കാണികള്‍ക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ നാണംകെടുത്തിയാണ് സിറ്റി ഇന്നലെ വിജയിച്ചത്. കളിയുടെ 65 ശതമാനം സമയവും പന്തടക്കം സിറ്റിക്കായിരുന്നു. കളിയിലുടനീളം 16 മുന്നേറ്റങ്ങള്‍ സിറ്റി നടത്തി. ഒമ്പത് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകള്‍, അതില്‍ നാലെണ്ണവും വലയില്‍ കയറി.
എതിര് ടീം സിറ്റിയുടെ ഗോള്‍ മുഖം ലക്ഷ്യമാക്കിയെത്തിയത് ഒരേയൊരു പ്രാവശ്യം മാത്രം. അപ്പോള്‍ മാത്രമാണ് ടീം ഓണ്‍ടാര്‍ജറ്റ് ഉതിര്‍ത്തതും. സമ്പൂര്‍ണ ആധിപത്യത്തോടെ കളിച്ച സിറ്റി 13-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഒന്നാം പകുതി പിരിയുമ്പോള്‍ ഗ്വാര്‍ഡിയോള്‍ ഗോള്‍ നേടിയതിന്റെ ആവേശത്തിലായിരുന്നു സിറ്റിയും ആരാധകരും.
രണ്ടാം പകുതി ആരംഭിച്ച് കളിക്ക് 59 മിനിറ്റെത്തിയപ്പോള്‍ ഫില്‍ ഫോഡന് രണ്ടാം ഗോള്‍ നേടി. 12 മിനിറ്റുകള്‍ക്ക് ശേഷം അത്ഭുതം സംഭവിച്ചു. ഗ്വാര്‍ഡിയോളിലൂടെ രണ്ടാം ഗോള്‍. താരത്തിന്റെ ആദ്യഗോള്‍ കണ്ടവര്‍ ഇത്തവണ ആര്‍ത്തിരമ്പി എതിരേറ്റു. ഒടുവില്‍ കളി ഇന്‍ജുറി ടൈമില്‍ പുരോഗമിക്കവെ ലഭിച്ച പെനല്‍റ്റി ഗോളാക്കി അര്‍ജന്റീന താരം ഹൂലിയന്‍ അല്‍വാരെസ് സിറ്റിക്കായി നാലാം ഗോളും നേടി. കനത്ത തോല്‍വിക്കിടെ ഫുള്‍ഹാമിന് 90+5-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് ഇസ്സാ ഡിയോപ്പിനെ ചുവപ്പ് കാര്‍ഡിലൂടെ നഷ്ടമായത് ഇരട്ടപ്രഹരമായി.
സിറ്റിക്ക് കനത്ത വെല്ലുവിളിയുമായി നില്ക്കുന്ന ആഴ്സണല്‍ ഇന്ന് രാത്രി ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. രാത്രി ഒമ്പതിന് നടക്കുന്ന പോരാട്ടം ആഴ്സണലിന്റെ ഓള്‍ഡ് ട്രാഫഡ് ഗ്രൗണ്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: