ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ക്ക് ദല്‍ഹി എന്‍ഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗര്‍ സ്വദേശി ജഹാന്‍സൈബ് സാമി (36), ഭാര്യ ഹിന ബഷീര്‍, ഹൈദരാബാദ് സ്വദേശി അബ്ദുല്ല ബാസിത്ത്, പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദിഖ് ഖത്രി എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു മുതല്‍ 20 വര്‍ഷം വരെയുള്ള തടവാണ് വിധിച്ചത്.
യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3 മുതല്‍ 20 വര്‍ഷം വരെ തടവാണ് ഒന്നാം പ്രതി ജഹാന്‍സൈബ് സാമിക്ക് എന്‍ഐഎ കോടതി വിധിച്ചത്. രണ്ടാം പ്രതി ഹിന ബഷീറിന് 14 വര്‍ഷമാണ് തടവ്.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാനുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭരണകൂടത്തിനെതിരായ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സാമിയേയും ഭാര്യ ഹിന ബഷീറിനേയും ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ 2020 മാര്‍ച്ച് 8നാണ് കസ്റ്റഡിയിലെടുത്തത്. 2020 ജൂലൈ 12ന് പൂനെയില്‍ നിന്നാണ് സാദിയ അന്‍വര്‍ ഷെയ്ഖിനേയും നബീല്‍ സിദ്ദിഖ് ഖത്രിയേയും പിടികൂടിയത്.
ഭാരതത്തില്‍ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ജഹാന്‍സൈബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം. രാജ്യത്തുടനീളം ഒരേ ദിവസം 100 ഐഇഡി സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായും ബിറ്റ്കോയിന് വഴിയാണ് ഫണ്ട് സമാഹരിച്ചതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കി.
താന്‍ ഐഎസ് അംഗമാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ അന്വേഷണ സംഘത്തിനോട് സമ്മതിച്ചിരുന്നു. അഞ്ച് പേരെ കൂടാതെ സംഘത്തിന്റെ ഭാഗമായിരുന്ന ഡോ. ബ്രേവ് എന്നറിയപ്പെടുന്ന അബ്ദുര്‍ റഹ്മാന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്. ബെംഗളൂരുവില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാളെ 2020 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സിറിയയില്‍ പോയി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും ഭീകരരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: