കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഇതര സംസ്ഥാനക്കാരനെ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി.ആശുപത്രി മേധാവിയാണ് അന്വേഷണം നടത്തുന്നത്.
കാലിന് പരിക്കേറ്റ് അവശനായിരുന്ന ഇയാളെ കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ ആംബുലന്‍സില്‍ കൊണ്ടുപോയില്ല. ആശുപത്രിയിലേക്ക് തിരികെ കയറാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കിയെന്നാണ് ആക്ഷേപം.
കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരനെ വ്യാഴാഴ്ച രാത്രിയാണ് പൊലീസ് ജില്ലാ ആശുപത്രിയില്‍ ലെത്തിച്ചത്. മാനസികാസ്വാസ്ഥ്യം കാട്ടിയ ഇയാള്‍ പാതിരാത്രി പുറത്ത് പോയി. വെളളിയാഴ്ച രാവിലെ അഗ്നിശമന സേന വീണ്ടും കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. അവശനിലയിലായിരുന്നതിനാല്‍ കൂടുതല്‍ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.എന്നാല്‍ കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കൊണ്ടുപോയില്ല.
ജില്ലാ ആശുപത്രി ജീവനക്കാരനെ രോഗിക്കൊപ്പം മെഡിക്കല്‍ കോളേജിലേക്ക് അയക്കാനും അധികൃതര്‍ തയ്യാറായില്ല. പിന്നീട് ബസ് സ്റ്റാന്റ് പരിസരത്തേക്ക് പോയ ഇയാളെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായില്ലെന്നാണ് ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: