കൊല്‍ക്കത്ത : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോടെ നമ്മുടെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവക്ഷേത്രം പുനര്‍നിര്‍മ്മിക്കണ്ടേതുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നമുക്ക് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും പുനര്‍നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം (യുസിസി) നടപ്പിലാക്കണം. ഈ ലക്ഷ്യങ്ങള്‍ മുന്നിലുളളതിനാല്‍ പാര്‍ലമെന്റില്‍ 400 എംപിമാരെ ആവശ്യമുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.പശ്ചിമ ബംഗാളിലെ ബരാക്പൂരിലും ഹൂബ്ലിയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
‘ എന്തിനാണ് ബി ജെ പിക്ക് 400 സീറ്റെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ചോദിക്കുന്നത്. പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുസ്ലീം സംവരണം അവസാനിപ്പിക്കണം. പിന്നാക്ക സംവരണം ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ്. അത് മുസ്ലീങ്ങള്‍ക്ക് വേണ്ടിയുളളതല്ല എന്ന് ഉറപ്പാക്കണം. ഇതിന് ഞങ്ങള്‍ക്ക് 400 സീറ്റുകള്‍ ആവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് സെമിഫൈനല്‍ ആണ്. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല’ – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയിലെ 25 ലോക്സഭാ സീറ്റുകളില്‍ 22ലും ബിജെപി വിജയിക്കുമെന്ന് പശ്ചിമ ബംഗാളിലെ ബരാക്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അസമില്‍ ബിജെപിയും സഖ്യകക്ഷികളും 14ല്‍ 12 സീറ്റുകളും നേടും.അസമില്‍ 13 സീറ്റുകള്‍ നേടാനും സാധ്യതയുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജി സര്‍ക്കാരും ഭയപ്പാടുണ്ടാക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ആലോചനകളൊന്നുമില്ല.എന്നാല്‍ പശ്ചിമബംഗാളില്‍ പൗരത്വ ഭേദഗതി നിയമം(സി എ എ) നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മമത ബാനര്‍ജിയുടെ വെല്ലുവിളിയില്‍ ഒരു കാര്യവുമില്ല. സിഎഎ കേന്ദ്ര നിയമമായതിനാല്‍ ഹിന്ദുക്കള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട പൗരത്വം ലഭിക്കുന്നത് തടയാന്‍ മമതയ്ക്ക് ഒരു അധികാരവുമില്ല- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
സുപ്രീം കോടതിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും നിര്‍ദ്ദേശമുണ്ടായിട്ടും സന്ദേശ്ഖാലി കേസിലെ സിബിഐ അന്വേഷണത്തെ എന്തിനാണ് മമത ബാനര്‍ജി എതിര്‍ക്കുന്നതെന്നും അസം മുഖ്യമന്ത്രി ചോദിച്ചു. ആരെ സംരക്ഷിക്കാനാണ് മമത ബാനര്‍ജി ആഗ്രഹിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: