കൊച്ചി: അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. കിടപ്പുരോഗിയായ പിതാവ് ഷണ്മുഖനെ മകന്‍ അജിത്തും കുടുംബവും വാടക വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്‍മുഖന്‍ അവശനിലയിലായിരുന്നു. വാടക വീടിന്റെ ഉടമയാണ് നിലവില്‍ വൃദ്ധന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. മകനെതിരെ കേസെടുത്ത പോലീസ് വൃദ്ധനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
24 മണിക്കൂര്‍ വൃദ്ധന്‍ വീട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകന്‍ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥന്‍ അറിയുന്നത്. ഷണ്‍മുഖന് മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോൾ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പോലീസിനോട് വ്യക്തമാക്കിയത്.
10 മാസങ്ങൾക്കുമുമ്പാണ് ഇവർ തൃപ്പൂണിത്തുറയിൽ വാടകയ്‌ക്കെത്തിയത്. അജിത്തും വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. വാടക നൽകാതായപ്പോൾ അജിത്തിനോട് വീട് ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പിന്നാലെ പോലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറയുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷൺമുഖനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ സാമ്പത്തികപ്രശ്നം കാരണമാണ് അച്ഛനെ നോക്കാൻ സാധിക്കാത്തതെന്നാണ് പോലീസിനോട് അജിത്ത് വ്യക്തമാക്കിയത്. അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടിൽ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: