കൊല്ലം: അനാഥനായി മരിച്ച് അഞ്ചുമാസം ബന്ധുക്കളെ കാത്തുകിടന്ന സലീമിന് അന്ത്യകര്‍മങ്ങള്‍ ഒരുക്കി നഴ്സിങ് ഓഫീസര്‍ സുരഭി മോഹനന്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ട സലീമിന്റെ (54) മൃതദേഹമാണ് അഞ്ച് മാസം ഏറ്റെടുക്കാന്‍ ആരും എത്താതെ കിടന്നത്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കുന്നതിന് മുമ്പാണ് മതാചാരപ്രകാരമുള്ള
അന്ത്യകര്‍മ്മങ്ങള്‍ സുരഭി ഏര്‍പ്പെടുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പടിഞ്ഞാറെ കല്ലട സ്വദേശിനി സുരഭിയാണ് സലീമിന്റെ അന്ത്യയാത്രയില്‍ ബന്ധുവായത്.
കഴിഞ്ഞ ഡിസംബറില്‍ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈസമയത്താണ് വഴിയോരത്ത് വീണുകിടന്ന സലിമിനെ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നത്. സുരഭിയുടെ അച്ഛന്റെ തൊട്ടടുത്തുള്ള കിടക്കയിലായിരുന്നു സലീം, എല്ലാദിവസവും അച്ഛനുള്ള ഭക്ഷണത്തിനൊപ്പം സുരഭി സലീമിനുള്ള ഭക്ഷണവും കരുതി. അധിക ദിവസം കഴിയുന്നതിനു മുമ്പ് സലിം മരിച്ചു. മൃതദേഹം ഏറ്റുവാങ്ങുവാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി.
അന്ന് പോലീസ് സര്‍ജനോട് അവകാശികള്‍ ആരുംതന്നെ എത്തിയില്ലെങ്കില്‍ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തനിക്ക് അവസരം തരണമെന്ന് സുരഭി അഭ്യര്‍ത്ഥിച്ചിരുന്നു. അഞ്ചുമാസമായി ആരും എത്തിയില്ല. കഴിഞ്ഞദിവസം സലീമിന്റെ മൃതദേഹം കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നല്കാന് സര്‍ക്കാര്‍ ഉത്തരവായ വിവരം പോലീസ് അറിയിച്ചു.
വിവരമറിഞ്ഞ് സുരഭി കൊല്ലം ജുമാമസ്ജിദില്‍ നിന്ന് മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി മരണാനന്തര കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടത്തി. ഇതിനു ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയത്. ഇതിനായി വേണ്ടിവന്ന ചെലവുകള്‍ മുഴുവന്‍ സുരഭി വഹിച്ചു.
റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനനാണ് സുരഭിയുടെ ഭര്‍ത്താവ്. മക്കള്‍: ആവണിമോഹന്‍ നൃത്തഅദ്ധ്യാപികയാണ്. അല്‍ക്ക മോഹന്‍ കൊല്ലംജില്ലാ ആശുപത്രിയിലെ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയും.
മാതൃകാ സേവനം നടത്തിയ സുരഭി മോഹനനെ മഹാത്മാഗാന്ധി സാംസ്കാരിക സമിതി ആദരിച്ചു. പ്രസിഡന്റ് സജീവ് പരിശവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ഷാനവാസ് അധ്യക്ഷനായി. എം. മാത്യൂസ്, പേരയം വിനോദ്, ചീഫ് നഴ്സിങ്് ഓഫീസര്‍ കെ. ഷര്‍മ്മിള, ഡെപ്യൂട്ടി നഴ്സിങ്, സൂപ്രണ്ട് കെ. ശ്രീകല, എ. രതി, സി.എല്‍. സരിത, സ്വപ്ന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: