ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിട്ട് എട്ടു ദിവസം പിന്നിട്ടു. പരിഷ്ക്കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ടുപോകുമെന്ന് വകുപ്പ് മന്ത്രിയും പരമ്പരാഗത ശൈലി തുടരണമെന്ന് ഡ്രൈവിങ് സ്കൂള്‍ പ്രതിനിധികളും എടുത്ത നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ സമരം നടത്തുമെന്ന് ഡ്രൈവിങ് സ്കൂള്‍ പ്രതിനിധികള്‍ അറിയിച്ചിരിക്കുകയാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സിനുവേണ്ടി കാത്തുകെട്ടി കഴിയുന്ന പത്തുലക്ഷത്തോളം പേരുടെ അവസ്ഥയാണ് പരുങ്ങലിലാവുക. ടെസ്റ്റിന് തീയതി ലഭിച്ചവര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഇന്നലെയും പല കേന്ദ്രങ്ങളിലും പലവിധ സമരങ്ങള്‍ അരങ്ങേറി.
കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് സജ്ജമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതൊന്നും ഫലപ്രദമായിട്ടില്ല. മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വെളിച്ചം കണ്ടില്ലെന്നുവേണം കണക്കാക്കാന്‍. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നറിയിച്ചിട്ടുണ്ട്. പരിഷ്ക്കരിച്ച സര്‍ക്കുലര്‍ പ്രകാരം പമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്കിയ നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നതുവരെ എച്ച് ട്രാക്ക് ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം.
ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് പരിഷ്ക്കാരം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ ന്യായം. അത് തടസപ്പെടുത്താന്‍ നില്‍ക്കാതെ നടപടികളുമായി സഹകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാവുകയാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. ഹൈക്കോടതിയുടെ കൂടി നിര്‍ദേശവും നിഗമനവും മാനിച്ചാണ് സര്‍ക്കാര്‍ പെരുമാറുന്നതത്രെ. ചില സംഘടനാ നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. തുടര്‍ന്നാണ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇക്കാര്യത്തില്‍ അനുവദിക്കാവുന്നതിന്റെ പരമാവധി എണ്ണമാണ് നാല്പത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് അസംബന്ധമാണെന്നാണ് സ്കൂള്‍ ഭാരവാഹികളുടെ പക്ഷം. പത്തുലക്ഷത്തിലധികം പേര് ലൈസന്‍സിനായി കാത്തു കെട്ടി കിടക്കുമ്പോള്‍ എണ്ണം പരിമിതപ്പെടുത്തിയതിന് ഒരു ന്യായീകരണവുമില്ലെന്നാണ് അവരുടെ വാദം.
നിലവില്‍ ടെസ്റ്റ് നടത്തുന്ന 86 കേന്ദ്രങ്ങളില്‍ 77 ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ വാടകക്കെടുത്തവയാണ്. ഈ ഗ്രൗണ്ടുകള്‍ അടച്ചിട്ടാണ് യൂണിയനുകള്‍ ഇപ്പോള്‍ ടെസ്റ്റു നടത്തുന്നത്. ടെസ്റ്റു കേന്ദ്രങ്ങളായി പുതിയ ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങളാണിവ. മറ്റിടങ്ങളില്‍ സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്കൂളുകളുടെയും മൈതാനങ്ങള്‍ ഒരുക്കാനാണ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇത്തരം സൗകര്യമില്ലാത്തിടത്ത് സ്വകാര്യവ്യക്തികളുടെ ഭൂമി വാടകക്കെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെസ്റ്റിനു വരുന്നവരെ തിരിച്ചയക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ചില ഉദ്യോഗസ്ഥര്‍ സമരം ചെയ്യുന്ന സ്കൂളുകാര്‍ക്ക് സൗകര്യം ചെയ്യുന്നുണ്ടെന്ന സംശയമുണ്ട്. ഡ്രൈവിങ് സ്കൂളുകളുടെയും അവരുടെ അസോസിയേഷന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഗതാഗത മന്ത്രിക്കുള്ളത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച സര്‍ക്കുലറിലെ മിക്ക നിര്‍ദേശങ്ങളും നടപ്പാക്കാന്‍ മൂന്നു മാസത്തിലേറെ സമയം നല്‍കിയിട്ടും ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല.
ഡ്രൈവിങ് സ്കൂള്‍ സെന്ററുകളില്‍ ടെസ്റ്റ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, സാധാരണ ജനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞ ഫിറ്റനസ് ഉള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതിന് അനുമതി നല്‍കുക. ഓരോ ഓഫീസിലും ടെസ്റ്റുകളുടെ എണ്ണം ഉദ്യോഗസ്ഥരുടെ എണ്ണത്തിനനുസരിച്ച് വര്‍ധിപ്പിക്കുക, ടെസ്റ്റ് സമയത്ത് ഡ്യൂവല്‍ക്ലച്ച് ആന്‍ഡ് ബ്രെയ്ക് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സ്കൂള്‍ അസോസിയേഷന് മുന്നോട്ടു വയ്ക്കുന്നു. സര്‍ക്കാരും സമരം നടത്തുന്ന അസോസിയേഷനും നിലപാടില്‍ ഉറച്ചു നിന്നാല്‍ സ്ഥിതികള്‍ വഷളാക്കാനേ ഉപകരിക്കൂ. പിടിവാശി ഉപേക്ഷിക്കാന്‍ ഇരുകൂട്ടരും മുന്നോട്ടുവരണം. പ്രശ്നപരിഹാരത്തിനു ഇതുമാത്രമാണ് പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: