ന്യൂദല്‍ഹി: വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തടസപ്പെടുത്തുകയും വോട്ടര്‍മാരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണിതെന്ന് കമ്മിഷന് കുറ്റപ്പെടുത്തി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് ഖാര്‍ഗെ ശ്രമിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ വോട്ടര്‍മാരുടെ പങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കും. വോട്ടര്‍മാരുടെ പോളിങ് ഡാറ്റ സംബന്ധിച്ച് ഇന്‍ഡി മുന്നണി നേതാക്കളെ അഭിസംബോധന ചെയ്ത ഖാര്‍ഗെ അയച്ച കത്തിനെതിരെയാണ് കമ്മിഷന്റെ രൂക്ഷവിമര്‍ശനം. ഖാര്‍ഗെയുടെ വാദങ്ങള്‍ കമ്മിഷന് തള്ളി.
വോട്ടര്‍മാരുടെ പോളിങ് ഡാറ്റ ശേഖരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വീഴ്ച ഉണ്ടായിട്ടില്ല. കാലതാമസം വരുത്തുന്നുവെന്ന ആരോപണം തെറ്റാണ്. അപ്ഡേറ്റ് ചെയ്ത പോളിങ് ഡാറ്റ എല്ലായ്പ്പോഴും വോട്ടെടുപ്പ് ദിവസത്തേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷന് മുന്‍കാല മാതൃകകളും തെളിവായി നല്കി.
തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട വോട്ടിങ് ഡാറ്റയില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മെയ് ഏഴിനാണ് ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് കത്ത് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: