അഹമ്മദാബാദ്: നീറ്റ്-യുജി പരീക്ഷാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി ഉത്തരക്കടലാസില്‍ ഉത്തരം എഴുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കേസില്‍ അദ്ധ്യാപകന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലാണ് സംഭവം. തുഷാര്‍ ഭട്ട്, പരശുറാം റോയ്, ആരിഫ് വര എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ തുഷാര്‍ ഭട്ട് ഫിസിക്സ് അധ്യാപകനും ജില്ലയിലെ നീറ്റ്- യുജി പരീക്ഷാ കേന്ദ്രത്തിലെ ഡെപ്യൂട്ടി സുപ്രണ്ടുമാണ്.
പത്ത് ലക്ഷം രൂപ നല്കിയാല് ഉത്തരം എഴുതി നല്‍കുമെന്നായിരുന്നു തുഷാര്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് നല്കിയ വാഗ്ദാനം. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതി നല്‍കാമെന്ന് ഇയാള്‍ ഉറപ്പും നല്കി.
ഉത്തരക്കടലാസില്‍ അറിയാവുന്നവ മാത്രം എഴുതി നല്കിയാല് മതി. ബാക്കി തുഷാറും സംഘവും പിന്നീട് എഴുതി ചേര്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. തട്ടിപ്പ് സംബന്ധിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ കളക്ടര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അന്വേഷണം നടത്തുകയും തുഷാറിനേയും സംഘത്തേയും പിടികൂടുകയുമായിരുന്നു.
അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ തുഷാറിന്റെ കാറില്‍ നിന്നും ഏഴ് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. പരീക്ഷ എഴുതി നല്കാന് ഒരു വിദ്യാര്‍ത്ഥി നല്കിയ അഡ്വാന്‍സ് തുകയാണിത്. 16 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും റോള്‍ നമ്പറും കേസിലെ മറ്റൊരു പ്രതി റോയി തുഷാറിന് വാട്സ്ആപ്പിലൂടെ കൈമാറിയതും പിടിച്ചെടുത്തിട്ടുണ്ട്. ക്രിമിനല്‍, വഞ്ചനാ കുറ്റം. എന്നിവയില്‍ മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. തുടരന്വേഷണം നടന്നു വരികയാണെന്ന് ഗോധ്ര പോലീസ് സ്റ്റേഷന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: