ന്യൂദല്‍ഹി : മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്ന് വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം.
അരവിന്ദ് കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.അതേസമയം ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് കഴിയില്ല. എന്നാല്‍ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം തുടരും.
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം രാഷ്‌ട്രീയമായി പ്രയോജനപ്പെടുത്താനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. കെജ്രിവാളിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആംആദ്മി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ആഘോഷങ്ങള്‍ തുടങ്ങി. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: