തിരുവനന്തപുരം: പോലീസ് സംരക്ഷണത്തില്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളാണു ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. പരിഷ്‌കരിച്ച രീതിയില്‍ തന്നെയാണ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിനു തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി ഇന്നു മുതല്‍ എത്തണമെന്നു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
സമരക്കാരുടെ പ്രതിഷേധം മുന്നില്‍ക്കണ്ടു ടെസ്റ്റു നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് സംരക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ആര്‍ടിഒമാര്‍ക്കു നിര്‍ദേശം നല്കി.
പരിഷ്‌കരിച്ച രീതിയില്‍ തന്നെ ടെസറ്റ് നടത്താന്‍ ഇന്നലെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ടെസ്റ്റ് നടത്തുന്നത്. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നതു വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണു നിര്‍ദേശം.
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റിനെതിരെ പ്രതിഷേധവുമായി മുന്നില്‍ നില്‍ക്കുന്നത് സിഐടിയു യൂണിയനാണ്. പുതിയ തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രി കെ.ബി. ഗണേശ്കുമാര്‍ തയാറായതോടെ സിഐടിയു സമരത്തില്‍ നിന്നും പിന്മാറി.
എന്നാല്‍ സിഐടിയുമായുള്ള ചര്‍ച്ചയില്‍ പരിഷ്‌കരണത്തിന് രണ്ട് മാസത്തെ സാവകാശം നല്കാമെന്നും 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള പുതിയ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രി തയാറായതുമില്ല. പുതിയ സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്കു നല്കിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: