വിരുദുനഗർ : ശിവകാശിയിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ജില്ലയിലെ ശിവകാശിയിൽ സെങ്കമലപ്പട്ടിക്ക് സമീപം പടക്ക നിർമാണ യൂണിറ്റിലുണ്ടായ അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ മരിച്ചു. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഏഴ് മുറികൾ പൂർണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു.
പോലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തി വരികയാണെന്നും യൂണിറ്റിന് ലൈസൻസ് ഉള്ളതാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശിവകാശിക്ക് സമീപമുള്ള പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വിവരം അറിഞ്ഞതിൽ ദു:ഖമുണ്ടെന്ന് സംഭവത്തോട് പ്രതികരിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു.
“ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു,” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റിൽ അവർ പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖറും ദാരുണമായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദന രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു. ദാരുണമായ തീപിടിത്തത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ തനിക്ക് അഗാധമായ വേദനയുണ്ടെന്ന് തമിഴ്നാട് ഗവർണർ ആർ. എൻ. രവി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, പരിക്കേറ്റവർക്ക് ഉചിതമായ വൈദ്യസഹായം നൽകാനും ജീവൻ രക്ഷിക്കാനും ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകി. ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ, ഒഡീഷ ഗവർണർ രഘുബർ ദാസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എന്നിവരും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. ഒമ്പത് തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് വിരുദുനഗർ പോലീസ് സൂപ്രണ്ട് കെ ഫിറോസ് ഖാൻ അബ്ദുള്ള പറഞ്ഞു. ഫാക്ടറി ഉടമയ്ക്ക് 2026 വരെ സാധുതയുള്ള ലൈസൻസ് ഉണ്ടെന്ന് അദ്ദേഹം ശിവകാശിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: