ഭോംഗിര്‍(തെലങ്കാന): ബിജെപി വരും, മുസ്ലിം സംവരണം ഇല്ലാതാക്കും. സമൂഹത്തിലെ പിന്നാക്കക്കാര്‍ക്ക് അത് വിതരണം ചെയ്യും. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളുടെ സംവരണാവകാശങ്ങള്‍ കവര്‍ന്ന് മതപരിഗണന വച്ച് മുസ്ലിങ്ങള്‍ക്ക് അത് വീതം വച്ച കോണ്‍ഗ്രസ് നടപടി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ ഭോംഗിറില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അമിത് ഷാ.
കോണ്‍ഗ്രസുകാര്‍ നുണകള്‍ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ സംവരണം ഇല്ലാതാക്കുമെന്ന് അവര്‍ പ്രസംഗിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ രാജ്യത്തെ നയിക്കുന്നത് മോദിയാണ്. അദ്ദേഹം സംവരണം ഇല്ലാതാക്കിയോ? എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അത് ചെയ്തു. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിന്നാക്ക ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം നല്കി, അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസും ബിആര്‍എസും ഒവൈസിയും ജിഹാദിന് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. അവര്‍ സിഎഎയെ എതിര്‍ത്തത് ഒരുമിച്ചാണ്. ശരിയ നിയമം നടപ്പാക്കണമെന്ന് അവര്‍ വാദിക്കുന്നു. മുത്തലാഖ് മടക്കിക്കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്‍ഡിഎ വോട്ട് ചോദിക്കുന്നത് വികസനത്തിന് വേണ്ടിയാണ്.
ഞങ്ങള്‍ പ്രകടനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയത് മോദിയുടെ ഗ്യാരന്റിയാണ്. പറയുന്നതെല്ലാം നടപ്പാക്കുന്നതാണ് മോദിയുടെ ഗ്യാരന്റി. രാഹുല്‍ ബാബ രാവിലെ പറയുന്നതിന്റെ ആയുസ് സൂര്യാസ്തമയത്തോടെ അവസാനിക്കും. പറയുന്നതൊന്നും നടപ്പാക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍. കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് പറഞ്ഞു. 15,000രൂപ വച്ച് കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഈടില്ലാതെ അഞ്ച് ലക്ഷം വായ്പ നല്‍കുമെന്ന് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് സ്കൂട്ടി നല്‍കുമെന്ന് പറഞ്ഞു. ഓരോ താലൂക്കിലും ഇന്റര്‍നാഷണല്‍ സ്കൂള്‍ തുറക്കുമെന്ന് പറഞ്ഞു. ഒന്നും നടന്നില്ല. എന്നാല്‍ മോദി പറഞ്ഞതെല്ലാം ചെയ്ത നേതാവാണ്. എഴുപത് വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തടഞ്ഞുവച്ച ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത് മോദിയാണ്. ഭീകരര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് മോദിയാണ്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: