ആലപ്പുഴ: മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും കടല്‍ഭിത്തി നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് പുറക്കാട്, വളഞ്ഞവഴി, നീര്‍ക്കുന്നം പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. നിരവധി വീടുകളില്‍ വെള്ളം കയറി, പലയിടത്തും ടെട്രാപോഡുകള്‍ കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോയി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കടല്‍ഭിത്തി നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്രയും ചുരിങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന് വ്യക്തമാണ്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരവാസികള്‍ മുറവിളി കൂട്ടുമ്പോള്‍ തീരത്ത് കല്ലിറക്കി താല്‍ക്കാലിക ആശ്വാസം കണ്ടെത്തുകയാണ് അധികൃതരുടെ പതിവ്. അധികൃതര്‍ക്ക് താല്‍പ്പര്യം ഇത്തരത്തില്‍ കല്ലിറക്കുന്നതിലാണ്. മഴക്കാല സീസണ് കഴിയുമ്പോള്‍ കല്ലുകള്‍ കടലെടുക്കുകയോ, മണ്ണിനടയിലാകുകയോ ചെയ്യും. എത്ര ലോഡ് കല്ലുകള്‍ ഇറക്കിയെന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ലാഭം അധികൃതര്‍ക്ക് മാത്രമാണ്. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന തട്ടിപ്പ് ഇത്തവണയും തുടരാനാണ് സാദ്ധ്യത.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള ഓരുമുട്ടുകള്‍ അടിയന്തരമായി നീക്കം ചെയ്യും.വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനായി ജീയോ ബാഗുകള്‍, മണല്‍ ചാക്കുകള്‍ തുടങ്ങി താല്‍ക്കാലിക സംവിധാനം ഒരുക്കും.
പാലങ്ങള്‍ക്കടിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കം ചെയ്യും. സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി. തണ്ണീര്‍മുക്കം, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ ആവശ്യമുളള ഘട്ടത്തില്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: