.മലയാളികളെ നേപ്പാളിൽ കൊണ്ട് പോയി ചിരിപ്പിച്ച ,സാങ്കേതികതയിൽ വിസ്മയങ്ങൾ തീർത്ത യോദ്ധ എന്ന ഒറ്റച്ചിത്രം മതി സംഗീത് ശിവൻ എന്ന സംവിധായകനെ എന്നും ഓർക്കാൻ .1992 ലെ ആ ഓണം റിലീസ് ഇന്നും മലയാളികൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുന്നു .കാവിലെ പാട്ട് മത്സരവും നേപ്പാളിലെ ഡോൾമ അമ്മായിയും തോറ്റു തുന്നം പാടി വരുന്ന മകനുമെല്ലാം ഇന്നും മലയാളികളുടെ സംഭാഷണങ്ങളിൽ നിറയും .
നേപ്പാളിലെത്തി അവരുടെ ഹീറോ ആയി മാറുന്ന മലയാളി എന്ന ഒറ്റവരി കഥയുമായാണ് സംഗീത് ശിവൻ യോദ്ധയെടുക്കാൻ പുറപ്പെട്ടത് .ആയോധന കലക്ക് പ്രാധാന്യം നൽകിയുള്ള ചേമ്പർ ഓഫ് ഷാവോലിൻ എന്ന വിദേശ സിനിമ കണ്ടതോടെയാണ് ഇത്തരമൊരു മലയാള ചിത്രം എന്ന ചിന്ത സംഗീത് ശിവനുണ്ടായത് .ശശിധരൻ ആറാട്ടുവഴി കഥാരൂപമാക്കി .സഹോദരൻ സന്തോഷ് ശിവനും സുഹൃത്ത് അലക്സ് കടവിലുമൊക്കെ ചേർന്നായിരുന്നു ചർച്ചകൾ .പതിയെ തൈപ്പറമ്പിൽ അശോകനും അരശുമൂട്ടിൽ അപ്പുക്കുട്ടനും നേപ്പാളിലെ ഏഴു വയസുകാരൻ കുഞ്ഞു ലാമയുമൊക്കെ തെളിഞ്ഞു വന്നു
നേപ്പാളിലെത്തി അവിടുത്തെ രംഗങ്ങളായിരുന്നു ആദ്യംചിത്രീകരിച്ചത് .തിരക്കഥ വായിച്ചു റിഹേഴ്സൽ പോലുമില്ലാതെ മോഹൻലാലും ജഗതി ശ്രീകുമാറും പരകായ പ്രവേശം പോലെ അശോകനും അപ്പുക്കുട്ടനുമായി മാറി .മലയാളത്തിലെ നിത്യ ഹരിത തമാശ ചിത്രം അങ്ങനെയാണ് പിറന്നത് .
പുതു തലമുറകൾക്കു പോലും ആ തമാശകൾ ദഹിക്കും .തമാശകൾക്കപ്പുറം അക്കാലത്തെ പരിമിതികൾക്കിടയിൽനിന്നു ഷൂട്ട് ചെയ്തതും വിസ്മയമാണ് .അന്ധനായിപ്പോയ മോഹന്ലാലില്ന്റെ കഥാപാത്രം അശോകനെ ആയോധന കലകൾ പിടിപ്പിക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചത് പാലക്കാട്ടായിരുന്നു.ക്ലൈമാക്സിലെ സംഘടന രംഗങ്ങളും ചിത്രീകരിച്ചതും പാലക്കാട് തന്നെ.ആർക്കും മനസിലാകാത്ത വിധമാണ് അനുജൻ സന്തോഷ് ശിവൻ ആ രംഗങ്ങൾ ക്യാമറയിൽ പകർത്തിയത്
എ ആർ റഹ്മാൻ മലയാള സംഗീതത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രവും യോദ്ധ ആയിരുന്നു .പടകാളി പാട്ടിന്റെ ചിത്രീകരണ ചടുലത ഇന്നും മലയാള സിനിമക്ക് ഒരു പാഠമാണ്.യോദ്ധക്ക് ഒരു രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു മടുത്തിരുന്നു .പക്ഷെ യോദ്ധയുടെ അന്തരീക്ഷമുള്ള മറ്റൊരു ചിത്രം ഒരുക്കാനുള്ള ആഗ്രഹം ബാക്കി വച്ചാണ് അദ്ദേഹം മടങ്ങിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: