വാര്‍ത്താ ദൃശ്യങ്ങള്‍ക്കുവേണ്ടി വല്ലാതെ ആഗ്രഹിച്ച മനസ്സാണ് പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിനെ ശ്രദ്ധേയനാക്കിയത്. ദൃശ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിച്ചയാള്‍. ക്യാമറയിലൂടെ മാത്രമല്ല, ക്യാമറയ്‌ക്കപ്പുറമുള്ള ജനങ്ങളുടെ ജീവിതവും മുകേഷ് കണ്ടു. മാതൃഭൂമി ഓണ്‍ലൈനില്‍ മുകേഷ് എഴുതിയ അതിജീവനം എന്ന പംക്തി നിരവധി പേര്‍ക്ക് ആശ്രയമായി. ബഹളങ്ങളില്ലാതെ, നിശബ്ദതയോടെ, ശാന്തമായാണ് മുകേഷ് എന്ന വീഡിയോ ജേര്‍ണലിസ്റ്റ് പ്രവര്‍ത്തിച്ചത്. പക്ഷേ മുകേഷ് പകര്‍ത്തിയ ദൃശ്യങ്ങളും മുകേഷിന്റെ എഴുത്തുകളും ആയിരങ്ങളിലേക്ക് വാര്‍ത്തകളെത്തിച്ചു. നിരവധി പേരുടെ ജീവിതം മാറിമറിയാന്‍ അവ സഹായകരമായി. വീഡിയോ ക്യാമറയേയും പേനയേയും മുകേഷ് ഒരുപോലെ സ്‌നേഹിച്ചിരുന്നു. അവന്റെ ക്യാമറാ ബാഗിലെ പുസ്തകങ്ങള്‍ അക്ഷരങ്ങളോടുള്ള സ്‌നേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു.
പാലക്കാട് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള സാഹസികമായ ശ്രമത്തിനിടെ ആനയുടെ പൊടുന്നനെയുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ബുധനാഴ്ച രാവിലെ മുകേഷിന്റെ മരണം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 2001ലെ മഴക്കാലത്ത് ഇടുക്കിയിലെ ഉരുള്‍പൊട്ടലിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ പൊട്ടിയൊലിച്ചുവന്ന പ്രളയ ജലത്തില്‍ ജീവന്‍ നഷ്ടമായ മലയാള മനോരമയിലെ വിക്ടര്‍ ജോര്‍ജ്ജിന് ശേഷം ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍. വിക്ടറിനെ പോലെ തന്നെയായിരുന്നു മുകേഷും. വിക്ടറിന്റെ ചിത്രങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍, മുകേഷ് പകര്‍ത്തിയ ഓരോ ദൃശ്യവും മികവേറിയതായിരുന്നു.
സമൂഹത്തില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടന്നവരിലേക്കാണ് മുകേഷിന്റെ തൂലിക പടര്‍ന്നത്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ തന്റെ മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വര്‍ഷങ്ങളായി തണുപ്പും വെയിലുമേറ്റ് ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന റാണിയെപ്പറ്റിയും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പോരാട്ടത്തെപ്പറ്റിയും മുകേഷ് തന്റെ പംക്തിയായ അതിജീവനത്തിലൂടെ വായനക്കാരോട് സംസാരിച്ചു. തൃക്കാക്കരയിലെ ശ്മശാനം നടത്തിപ്പുകാരിയായ സലീനയും കേരളത്തിലെ ആദ്യ ഊരുമൂപ്പത്തിയായ ഗീതയും ആസിഡാക്രമണത്തിന് ഇരയായ ശേഷവും പൊരുതി മുന്നേറുന്ന ഒഡീസക്കാരി പ്രമോദിനിയുമൊക്കെ മുകേഷിലൂടെ മലയാളി വായനക്കാരിലെത്തി. അതിജീവനത്തിലൂടെ മുകേഷ് എഴുതിയതത്രയും പോരാട്ട കഥകളായിരുന്നു. സ്ത്രീകളുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ എഴുതുമ്പോള്‍ അവനില്‍ സന്തോഷം നിറയുന്നുണ്ടായിരുന്നു. അതിജീവനത്തിന്റെ നൂറാം ലക്കം പൂര്‍ത്തിയാക്കിയപ്പോള്‍ ദല്‍ഹിയില്‍ സുഹൃത്തുക്കള്‍ കഴിഞ്ഞവര്‍ഷം അവനുവേണ്ടി ഒരു അഭിനന്ദന സദസ് സംഘടിപ്പിച്ചു. ട്രാന്‍സ്ഫര്‍ വാങ്ങി നാട്ടിലേക്ക് പുറപ്പെടാന്‍ നിന്ന മുകേഷിനുള്ള യാത്രയയപ്പ് വേദികൂടിയായിരുന്നു അത്. പിന്നീടൊരിക്കലും അവനെ കണ്ടില്ലെങ്കിലും അതിജീവനത്തിന്റെ ഓരോ പംക്തിയും വാട്‌സാപ്പിലേക്കവന്‍ അയച്ചുനല്‍കിക്കൊണ്ടേയിരുന്നു.
ഒരു പതിറ്റാണ്ട് മുമ്പുള്ള ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനിടെയാണ് മുകേഷുമായുള്ള എന്റെ സൗഹൃദത്തിന്റെ തുടക്കം. അത്യന്തം സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പെങ്കിലും പൊതുവെ വലിയ അക്രമങ്ങളൊന്നും കൂടാതെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി കശ്മീരിലെ ഭീകരവാദ മേഖലകളിലെല്ലാം ഞങ്ങള്‍ വാര്‍ത്താസംഘങ്ങള്‍ ഒരുമിച്ചു സഞ്ചരിച്ചു. അനന്ത് നാഗിലും സോപ്പോറിലും മറ്റും പ്രദേശവാസികളെ പ്രകോപിപ്പിക്കാതെ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുകേഷിന്റെ സൗമ്യസ്വഭാവത്തിന് സാധിച്ചു. ശ്രീനഗറില്‍ സുരക്ഷാസൈന്യത്താല്‍ നിറഞ്ഞ ലാല്‍ ചൗക്കിലും ഹബ്ബാ കടലിലും ഡൗണ്‍ ടൗണിലുമെല്ലാം അവന്‍ മത്സരിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി. ഹബ്ബാ കടല്‍ മേഖലയിലെ അവശേഷിക്കുന്ന ഒരു ഹിന്ദു ക്ഷേത്രത്തിലേക്കുള്ള യാത്രയ്‌ക്കിടെ ഒരു തെരുവിന്റെ ഇരുവശങ്ങളിലുമായി സുരക്ഷാ സേനയും പ്രതിഷേധക്കാരും നിറഞ്ഞപ്പോള്‍ സേനയുടെ നിര്‍ദ്ദേശ പ്രകാരം ക്യാമറ ജാക്കറ്റിനകത്തേക്ക് മറച്ചുപിടിച്ച് പ്രതിഷേധക്കാരില്‍ നിന്ന് ഞങ്ങളുടെ സുരക്ഷ അവന്‍ ഉറപ്പാക്കി. പത്തുവര്‍ഷത്തോളം നീണ്ട ഉത്തരേന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ നിരവധി സംഘര്‍ഷ മേഖലകളില്‍ മുകേഷ് ദൃശ്യങ്ങള്‍ പകര്‍ത്താനായി നിര്‍ഭയം സഞ്ചരിച്ചു. കൂടെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മുകേഷ് പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ അത്ര വിശ്വാസവുമായിരുന്നു.
മാതൃസഹോദരന്റെ പാത പിന്തുടര്‍ന്ന് സൈനികോദ്യോഗസ്ഥനാവാനായിരുന്നു മുകേഷിന്റെയും ആഗ്രഹം. കരാട്ടെയിലെ പരിശീലനം അടക്കം എല്ലാം പൂര്‍ത്തിയാക്കി ശാരീരികമായി തയ്യാറെടുപ്പുകളും ചെയതിരുന്നു. എന്നാല്‍ ഏക മകന്‍ സൈന്യത്തിലേക്ക് പോകുന്നതിലെ അമ്മയുടെ വിഷമമാണ് തന്നെ മറ്റൊരു മേഖല തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് മുകേഷ് പറയുമായിരുന്നു. കശ്മീരിലെ ദിവസങ്ങള്‍ നീണ്ട റിപ്പോര്‍ട്ടിംഗിനിടെ സൈനികജീവിതം അവന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു എന്നെനിക്ക് തോന്നി. എങ്കിലും മാധ്യമ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമനസ്സോടുകൂടി മുകേഷ് സ്വീകരിച്ചു. ദല്‍ഹി കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവര്‍ത്തനം ആ മേഖലയിലെ മുകേഷിന്റെ മികവ് വര്‍ദ്ധിപ്പിച്ചു. നാട്ടിലേക്ക് മടങ്ങിയെങ്കിലും ക്യാമറയിലൂടെയും എഴുത്തിലൂടെയും വാര്‍ത്തകള്‍ക്ക് പിന്നാലെ തന്നെ മുകേഷ് സഞ്ചരിച്ചു. ഒടുവില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ വാര്‍ത്തയ്‌ക്ക് വേണ്ടിയുള്ള പ്രയാണത്തില്‍ ആ യാത്ര അവസാനിച്ചു. ക്യാമറ ഇട്ടിട്ട് ഓടിയിരുന്നെങ്കില്‍ അവന് രക്ഷപ്പെടാമായിരുന്നുവെന്ന് പലവട്ടം തോന്നി. പക്ഷേ അതുപേക്ഷിക്കാന്‍ അവനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: