Categories: Kerala

ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നു: കേരള ക്ഷേത്ര സംരക്ഷണ സമിതി

Published by

കോട്ടയം: കൊവിഡാനന്തരം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും എല്ലാം നിരുത്തരവാദപരമായ നടപടിയാണ് അനാവശ്യമായ തിക്കും തിരക്കും ശബരിമലയില്‍ ഉണ്ടാകാന്‍ കാരണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍.

ഭാരതത്തില്‍ ഒരു ക്ഷേത്രത്തിലും ഇല്ലാത്ത നിയന്ത്രണമാണ് വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രമേ ദര്‍ശനം അനുവദിക്കൂ എന്നത്. കൊവിഡ് കാലഘട്ടത്തിനു മുമ്പുവരെ ഒരു നിയന്ത്രണവും കൂടാതെ ശബരിമല സന്നിധാനത്തില്‍ എത്തിയിരുന്ന മുഴുവന്‍ അയ്യപ്പ ഭക്തര്‍ക്കും വെര്‍ച്വല്‍ ക്യൂ സിസ്റ്റം ഇല്ലാതെ തന്നെ സുഗമമായ ദര്‍ശനത്തിന് അവസരം ലഭിച്ചിരുന്നു.

തിരുപ്പതിയിലേയും അയോദ്ധ്യയിലേയും പോലെ സന്നിധാനത്ത് എത്തുന്ന മുഴുവന്‍ അയ്യപ്പഭക്തന്മാര്‍ക്കും ദര്‍ശനം നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ദര്‍ശനത്തിന് എത്തുന്ന ഭക്തന്മാരെ തടയുകയല്ല ചെയ്യേണ്ടത്.

41 ദിവസം വ്രതമെടുത്ത് വരുന്ന അയ്യപ്പഭക്തന് വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ശബരിമല ക്ഷേത്രത്തില്‍ പോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനാധിപത്യ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കടമയാണ്. ആ കടമ നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് രാജിവച്ചു പുറത്തു പോകണം. അല്ലാത്തപക്ഷം ഭക്തജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് സമിതി നേതൃത്വം നല്‍കുമെന്ന് കെ.എസ്. നാരായണന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക