തൃത്താല: ചരിത്രവിദ്യാര്‍ഥികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആകര്‍ഷിച്ച് നരിമാളന്കുന്നും പറക്കുളം കുന്നിലെ നരിമടയും. പറക്കുളം എന്‍എസ്എസ് കോളേജിന് പിന്നില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നാണ് നരിമടയുടെ മുന്‍വശം നില്ക്കുന്നതെങ്കില് ഇത് എന്‍എസ്എസ് കോളേജിന്റെ സ്ഥലത്തിലൂടെയാണ് കടന്നുപോകുന്നത്. കവാടത്തിന്റെ മുന്‍വശം മഴക്കാലത്ത് കുന്നില്‍നിന്ന് മണ്ണിടിഞ്ഞ് വീതി കുറഞ്ഞെങ്കിലും ഒരാള്‍ക്ക് കടന്നുപോകാന്‍ ഇപ്പോഴും കഴിയും.
ഉളളിലേക്ക് പോകുന്തോറും ശ്വാസതടസം നേരിടുന്നതിനാല്‍ പലരും മുന്നോട്ടുപോകാറില്ല. പറക്കുളത്തിന്റെ പഴയ പേര് പടക്കളമായിരുന്നെന്നും പണ്ട് നാട്ടുരാജാക്കന്മാരുടെ പടയാളികളുടെ ഒളിത്താവളമായിരുന്നു ഇതെന്നും പറയുന്നു. അതിനാലാണ് ഇവിടെ പടക്കളം എന്ന് പേരുവരാന്‍ കാരണമായതെന്നും പിന്നീടിത് പറക്കുളമായതെന്നും പഴമക്കാര്‍ പറയുന്നു. നരിമടക്ക് സമാനമായിട്ടാണ് ആനക്കര എന്‍ജിനീയര്‍ റോഡരികിലായി നരിമാളന്‍കുന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയും ഒരു നരിമട ഉണ്ട്. രണ്ടും ഉയര്‍ന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
വെള്ളാളൂരിലാണ് നരിമാളന്‍കുന്ന്. ഇതിന്റെ ചുറ്റും റോഡും താഴ്വാരങ്ങളിലായി അനേകം കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഒട്ടനവധി ഔഷധവീര്യം നിറഞ്ഞ സസ്യങ്ങളും നരിമാളന്‍കുന്നില്‍ സുലഭമാണ്. മുന്‍കാലത്ത് മേഖലയില്‍ നടന്ന മഴക്കെടുതികളില്‍ പ്രദേശത്തുകാരെ സംരക്ഷിക്കുന്നതില്‍ നരിമാളന്‍കുന്ന് മുഖ്യപങ്കുവഹിച്ചിരുന്നു. കുന്നിന്റെ നെറുകെയുണ്ടായിരുന്ന നാടുകാണി തേടി നിരവധി സന്ദര്‍ശകര്‍ എത്തിയിരുന്നു. എന്നാല്‍ ചില സാമൂഹ്യദ്രോഹികള്‍ ഇതിനെ തകര്‍ത്തെന്നാണ് പറയുന്നത്. മുമ്പ് നരികള്‍ ഇവിടെ വസിച്ചിരുന്നതിനാലാണ് നരിമാളന്‍കുന്നെന്ന പേര് വരാന്‍ കാരണം. ധാരാളം നരിമടകള്‍ ഇപ്പോഴും ഇവിടെയുണ്ട്.
മിനിസ്ക്രീന്‍, ആല്‍ബം, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി ഒട്ടനവധിപേര്‍ കുന്നിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കാന്‍ എത്താറുണ്ടന്ന് സമീപത്തുള്ളവര്‍ പറയുന്നു. കഥകളിലൂടെ എംടി അനശ്വരമാക്കിയ കണ്ണാന്തളി പൂവ് നരിമാളന്കുന്നിനടത്താണ് അടുത്തകാലത്ത് പുനര്‍ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: