ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇടുക്കി വിജിലൻസ് യൂണിറ്റ്. 21 പ്രതികളുള്ള കേസിൽ മാത്യുകുഴൽ നാടൻ 16ാം പ്രതിയാണ്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. ബുധനാഴ്ച മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കും.
മിച്ചഭൂമി കേസിലുൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട്. കേസിലുൾപ്പെട്ടതിനാൽ രജിസ്‌ട്രേഷനോ, പോക്കുവരവോ സാധ്യമല്ല. ഈ വ്യവസ്ഥ നിലനിൽക്കെയാണ് മാത്യു സ്ഥലം വാങ്ങിയതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. സർക്കാർ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, ഇടനിലക്കാർ എന്നിവരാണ് മറ്റ് പ്രതികൾ.
ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻറെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: