‘നാട് ഓടുമ്പോള്‍ നടുവേ ഓടണമെന്നൊ’രുചൊല്ലുണ്ട്. നാടിപ്പം ഓടിക്കൊണ്ടിരിക്കുകയാണ്. ഓട്ടത്തോട് ഓട്ടം. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബത്തോടെയുള്ള ഓട്ടം. അതുപക്ഷേ റിലേ ആയിട്ടാണെന്ന് മാത്രം. മോളും മരുമോന്‍മന്ത്രിയും നേരത്തെ ഓടി. ഇരുവരും ഓരുപോയിന്റില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയും ഭാര്യയും ഒപ്പമെത്തും. ഈ ദിവസങ്ങളില്‍ തീരുമാനിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണു മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്രയ്ക്കു പുറപ്പെട്ടത്. ഔദ്യോഗിക ആവശ്യത്തിനു വിദേശത്തു പോകുമ്പോള്‍ വാര്‍ത്തക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഇത്തവണ അതൊഴിവാക്കി. യാത്രാവിവരങ്ങള്‍ ഗവര്‍ണറെയും അറിയിച്ചിട്ടില്ല. തികച്ചും സ്വന്തം കാര്യം.
മുഖ്യമന്ത്രി ഭാര്യ കമലയ്ക്കും കൊച്ചുമകന് ഇഷാനുമൊപ്പമാണ് കൊച്ചിയില്‍നിന്നു ദുബായിലെത്തിയത്. മകള്‍ വീണയും മരുമകനായ മന്ത്രി പി. എ. മുഹമ്മദ് റിയാസും ഈ മാസം 2നു തന്നെ ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇയിലുള്ള മകന് വിവേകിനെയും ഒപ്പം കൂട്ടി എല്ലാവരും ഇന്തൊനീഷ്യയിലേക്കു പോയി. 12ന് അവിടെനിന്നു സിംഗപ്പൂരിലേക്കും 19നു തിരികെ ദുബായിലേക്കും പറക്കുമെന്നാണു വിവരം. 21നാകും കേരളത്തിലേക്കുള്ള മടക്കയാത്ര എന്നാണ് അറിഞ്ഞിടത്തോളമുള്ള വിവരം. യാത്ര നീണ്ടാലും അത്ഭുതപ്പെടാനില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഉല്ലാസയാത്ര ആസ്വദിക്കുകതന്നെ.
മന്ത്രിസഭാ യോഗങ്ങള്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈനായി നടത്തും. ഫയലുകളും ഓണ്‍ലൈനായി കൈകാര്യം ചെയ്യും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീക്കിയിട്ടില്ലാത്തതിനാല്‍ അടിയന്തര സ്വഭാവമുള്ള ഫയലുകളില്‍ മാത്രമേ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇടതുപക്ഷം സജീവമായി മത്സരരംഗത്തുള്ള ബംഗാളും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണം നടക്കവേയാണ് വിദേശസന്ദര്‍ശനം. കൊച്ചിയില്‍നിന്നു സിംഗപ്പൂര്‍ വഴി ഇന്തൊനീഷ്യയിലേക്ക് 7 മണിക്കൂറിലെത്താം. ദുബായ് വഴി ഇന്തൊനീഷ്യയിലേക്കുള്ള യാത്രാസമയം 12 മണിക്കൂര്‍. എമിറേറ്റ്സ് വിമാനങ്ങളില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ ദുബായിലെത്തിയശേഷമാണു മറ്റു സ്ഥലങ്ങളിലേക്കു പോകുക. പാര്‍ട്ടി തോറ്റാലെന്താ നമുക്ക് പത്രാസുണ്ടായാല്‍ പോരെ. അല്ലേലും ബംഗാളിലും ത്രിപുരയും കോണ്‍ഗ്രസുമായി ചേര്‍ന്നല്ലെ മത്സരം. അവിടെ പോയി നാണം കെടണോ?
രാജ്യം പ്രചാരണച്ചൂടിലായിരിക്കെ, ഏക ഇടതു മുഖ്യമന്ത്രിയായ പിണറായി സ്വകാര്യ സന്ദര്‍ശനത്തിനു വിദേശത്തേക്കു തിരിച്ചത് ഇടതുപക്ഷം കേരളത്തിലൊതുങ്ങിയതുകൊണ്ടാണോ എന്നാണ് പ്രതിയോഗികളുടെ ചോദ്യം. എന്നാല്‍ ഇന്ത്യാസഖ്യത്തിനു വോട്ടു തേടാന്‍ മുഖ്യമന്ത്രിക്കുള്ള രാഷ്ട്രീയ പരിമിതി കൂടിയാണു വ്യക്തമാകുന്നത്. 7 ഘട്ട തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്നലെ നടന്നതേയുള്ളൂ. ബംഗാളില്‍ ജൂണ്‍ ഒന്നു വരെയുള്ള എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുളള ദേശീയ നേതാക്കള്‍ പാര്‍ട്ടി മത്സരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും വോട്ടു തേടുന്നു. അതേ ദേശീയ നേതൃനിരയിലുള്ള മുതിര്‍ന്ന പിബി അംഗമായ പിണറായിക്കു പക്ഷേ കേരളത്തിനു പുറത്തു റോളില്ല. വിദേശത്തുനിന്ന് 21നു തിരിച്ചെത്തിയശേഷം ഏതെങ്കിലും സംസ്ഥാനത്തു പ്രചാരണത്തിനു പോകുമെന്നും സൂചനയില്ല.
സിപിഎം രണ്ടിടത്തു മത്സരിക്കുന്ന തമിഴ്നാട്ടിലും പിണറായി പോയിരുന്നില്ല. ഡിഎംകെയും കോണ്‍ഗ്രസും അടങ്ങുന്ന സഖ്യത്തിലാണ് അവിടെ ഇടതുപാര്‍ട്ടികള്‍. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ അതിശക്ത പ്രചാരണം നയിക്കുകയായിരുന്ന പിണറായി തമിഴ്നാട്ടിലേക്കു വരേണ്ടെന്ന് അവിടത്തെ പാര്‍ട്ടി തീരുമാനിച്ചെന്നായിരുന്നു ഇവിടെ പ്രതിപക്ഷ ആരോപണം. 2019ല്‍ ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നില്ല. ഇത്തവണ രണ്ടിടത്തും സഖ്യമുണ്ട്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോണ്സര് ആരാണെന്ന് പറയേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത്. “നിങ്ങളല്ലല്ലോ ചെലവ് വഹിക്കുന്നത്. മാധ്യമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ അവരുടെ കഴിവുകേടാണ്. പാര്‍ട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏല്‍പ്പിക്കുന്ന പതിവില്ല. ആരൊക്കെ ഏതിടങ്ങളില്‍ പ്രചാരണത്തിനു പോകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നത്? നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. യാത്രയെ കുറിച്ച് പാര്‍ട്ടി അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങള്‍ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നത്? എന്നാണ് ഇ.പി.ജയരാജന് ചോദിച്ചത്. പറയാന്‍ കൊള്ളാത്ത ആരോ ആണോ ചെലവാക്കുന്നത്?
ഞങ്ങള്‍ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള അവകാശം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അതില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ടെന്നും ഇ.പി. പറയുന്നു. ബോധപൂര്‍വം നുണപ്രചാരണം നടത്തി പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നും ജയരാജന് ആരോപിച്ചു. മാത്യു കുഴല്നാടന് കോണ്‍ഗ്രസില്‍ നിന്നും ഒറ്റപ്പെട്ടിട്ടുണ്ട്. ഞാനാണ് സതീശനെക്കാള്‍ കേമനെന്ന് കാണിക്കാന്‍ മാത്യു കുഴല്നാടന് നടത്തിയ ശ്രമങ്ങളാണ് തകര്‍ന്നടിഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ മകളേയും പ്രതിയാക്കുന്നതെന്ന് കോടതി ചോദിച്ചപ്പോള്‍ ഒരു കടലാസെങ്കിലും കൊടുത്തോ? ശല്യക്കാരനായ വ്യവഹാരിയായി കുഴല്നാടന് മാറി. കുഴല്നാടന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഇ.പി. ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളായി പോയെന്നതുകൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടിക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ? ചുമ്മാ മാസപ്പടി വാങ്ങി ജീവിക്കണോ? ആകെ മൊത്തം നാണം കെട്ടിരിക്കുകയാണ്. അങ്ങിനെ ഒരു ചൊല്ലുതന്നെ ഉണ്ടല്ലോ നാണം കെട്ടാല്‍ നാട്ടില്‍ കെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: