കൊച്ചി: ഇനി അഞ്ചു നാളുകളില്‍ എറണാകുളത്തപ്പന്റെ മണ്ണില്‍ വേദാന്ത വിജ്ഞാന ശാഖയുടെ ജ്യോതി നിറയും. സ്വാമി ചിന്മയാനന്ദയുടെ നൂറ്റെട്ടാം ജയന്തിയും തുടര്‍ന്ന് ജഗദ്ഗുരു ആദി ശങ്കരാചാര്യ സ്വാമികളുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന് ഇന്നു തുടക്കമാകും. സ്വാമി ചിന്മയാനന്ദയുടെ ജന്മംകൊണ്ടു പവിത്രമായ എറണാകുളം നഗര ഹൃദയത്തിലെ എറണാകുളത്തപ്പന് മൈതാനമാണ് അഞ്ചു ദിവസത്തെ ചിന്മയ ശങ്കരത്തിനു വേദിയാകുന്നത്.
ലോകമെമ്പാടുമുള്ള ചിന്മയ മിഷന് സെന്ററുകളുടെ സഹകരണത്തോടെയാണ് അഞ്ചു ദിവസത്തെ പരിപാടിയൊരുക്കുന്നത്. പതിനായിരത്തോളം പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചിന്മയ ശങ്കരത്തില്‍ പ്രതീക്ഷിക്കുന്നു. പൂര്‍ണമായി ശീതീകരിച്ച പന്തല്‍ എറണാകുളത്തപ്പന് മൈതാനത്തു പൂര്‍ത്തിയായി. ചിന്മയ ശങ്കരത്തിലെത്തുന്ന പ്രതിനിധികള്‍ക്കു ഭക്ഷണമൊരുക്കുന്നതിനുള്ള സൗകര്യങ്ങള്‍ തയാറായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിന്മയ മിഷന് പ്രതിനിധികള്‍ക്കു പുറമേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരുടെ സാന്നിധ്യവും ചിന്മയ ശങ്കരത്തിലുണ്ടാകും.
ഇന്നു വൈകിട്ടു ചിന്മയ ശങ്കരത്തിന്റെ വിളംബരമായി എറണാകുളം ജില്ലയില്‍ പര്യടനം നടത്തുന്ന രഥയാത്രയ്ക്കു പ്രധാന വേദിയായ എറണാകുളത്തപ്പന് മൈതാനത്തു സ്വീകരണം.
ഗുരുപാദുക പൂജയെ തുടര്‍ന്നുള്ള ഉദ്ഘാടന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ചിന്മയ ശങ്കരം 2024നു തിരി തെളിക്കും. ചിന്മയ മിഷന് ഗുരുജി സ്വാമി തേജോമയാനന്ദ, ചിന്മയ മിഷന് ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി, സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവര്‍ പരിപാടിയിലുണ്ടാകും. ചിന്മയ മിഷനിലെ ആചാര്യന്മാര്ക്കൊപ്പം സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പരിപാടിക്കെത്തും.
ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഭിഭാഷകന് സായി ദീപക് തുടങ്ങിയ പ്രമുഖര്‍ ചിന്മയ ശങ്കര വേദിയിലെത്തും. ഇവര്‍ക്കൊപ്പം ചിന്മയ മിഷനിലെ മുതിര്‍ന്ന ആചാര്യന്മാരും പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: