കോഴിക്കോട്: കെ.എം. മാണിയുടെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ നടത്തിയ രാഷ്ട്രീയക്കളികളിലൂടെ സംഘടിത ക്രിസ്തീയ രാഷ്ട്രീയ വോട്ട് ഭിന്നിപ്പിച്ച തന്ത്രം, സിപിഎം മുസ്ലിം സംഘടനകളുടെ കാര്യത്തിലും വിജയിപ്പിക്കുന്നു. മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും പാര്‍ട്ടിക്കുമെതിരേ അതിശക്തമായി സമസ്ത ഇന്നലെയും പ്രതികരിച്ചു. ലീഗ് നേതാക്കളെ മാറ്റണം, ലീഗ് നയം മാറ്റണം എന്നിങ്ങനെയാണ് സമസ്തയുടെ പരോക്ഷ ആവശ്യം.
സമസ്ത എന്ന സമസ്ത കേരള ജം ഇയ്യത്തുളിനേയും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനേയും തമ്മിലകറ്റി മുസ്ലിം സംഘടിത വോട്ടുശക്തി തകര്‍ക്കാനുള്ള സിപിഎം പദ്ധതികള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണിത്. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ്കെഎസ്എസ്എഫ്) ജനറല്‍ സെക്രട്ടറി ഒ.പി. അഷ്റഫ്, തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ വോട്ടെടുപ്പിന് തലേന്ന് തത്കാലത്തേക്ക് നിര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. സമസ്തയേയും നേതാക്കളേയും അപമാനിച്ച ലീഗിന് മാപ്പില്ല എന്നാണ് നിലപാട്. ഇത് സമസ്തയിലെ ഒരു നേതാവിന്റെ അഭിപ്രായവും നയവുമല്ല, മറിച്ച് സമസ്തയുടെ പ്രഖ്യാപനവും എല്ലാ നേതാക്കളുടേയും അഭിപ്രായവുമാണെന്നാണ് വിശദീകരണം. ഈ നിലപാട് തള്ളാന്‍ ഇതുവരെ സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളോ ഏതെങ്കിലും നേതാവോ തയാറായിട്ടില്ല. അതായത് അവരുടെ സമ്മതത്തോടും അറിവോടെയുമാണീ പ്രസ്താവന.
ലീഗിനേയും സമസ്തയേയും തമ്മില്‍ അകറ്റുന്നതില്‍ സമ്പൂര്‍ണ വിജയം കണ്ടാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വിജയിക്കാമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മുസ്ലിം ലീഗിനെ ഇടതുപക്ഷത്ത് കിട്ടില്ലെന്ന കാര്യത്തില്‍ ഏറെക്കുറേ ഉറപ്പിച്ച മട്ടിലാണ് സിപിഎം. അതിനാല്‍ ലീഗിനെ, അവരും ഉള്‍പ്പെട്ട സമസ്തയുടെ വേദിയില്‍ നിന്ന് അകറ്റാനുള്ള അടവുകളാണിപ്പോള് പയറ്റുന്നത്. ഇത് ഒരു രാഷ്ട്രീയ സമ്മര്‍ദ്ദതന്ത്രമായി സ്വീകരിച്ചാണ് സിപിഎം തുടങ്ങിയതെങ്കിലും കാര്യങ്ങള്‍ കൈവിട്ട കളിയിലേക്കെത്തി.
മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും മുസ്ലിം ലീഗ് വേണമെന്ന സ്ഥിതി മാറ്റി സമസ്ത നേതാക്കളുമായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുംനേരിട്ട് ബന്ധം സ്ഥാപിച്ചു. എന്നാല്‍, മതകാര്യങ്ങളിലല്ലാതെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന വ്യവസ്ഥയുള്ള സമസ്ത, സംഘടനാവേദിയുടെ തത്വങ്ങള്‍ മറികടന്ന് ഭരണകക്ഷിയുടേയും സര്‍ക്കാരിന്റേയും വലംകൈയായി. ഈ തന്ത്രം വഴി സിപിഎം ഉദ്ദേശിച്ചത് സമസ്ത വഴി ലീഗിനെ വശത്താക്കാനായിരുന്നു. പക്ഷേ, കാര്യങ്ങള്‍ പിടിവിട്ടു. ഇപ്പോള്‍ സിപിഎമ്മിനെ സമസ്ത സമ്മര്‍ദ്ദത്തിലാക്കുന്നു.
സമസ്തയുടെ ആവശ്യങ്ങള്‍ പലതും പിണറായി സര്‍ക്കാരിന് സാധിച്ചുകൊടുക്കാനാകുന്നില്ല. ലീഗിനെ ഒപ്പം കിട്ടുന്നുമില്ല. ഈ സാഹചര്യത്തില്‍ മുസ്ലിം സംഘടനകളെ തമ്മിലകറ്റി വോട്ട് വിഘടിപ്പിക്കുക എന്ന ആശയമാണ് ഇപ്പോള്‍ സിപിഎം നടപ്പാക്കുന്നത്. പ്രാദേശിക തലത്തില്‍ മുസ്ലിം സംഘടിത ശക്തി പിളര്‍ന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുമായുള്ള രാഷ്ട്രീയക്കൂട്ട് ഉണ്ടാക്കാമെന്നതാണ് ഏറ്റവും പുതിയ സിപിഎം തന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: