പള്ളുരുത്തി കസ്ബ പോലീസ് സ്റ്റേഷനും ഇവിടെയുള്ള ഒരു നായയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നാലു കൊല്ലം മുന്‍പ് ആരോ തെരുവില്‍ ഉപേക്ഷിച്ചുപോയ ഒരുനായക്കുട്ടി പോലീസുകാരുടെ പൊന്നോമനയായി മാറിയ
താണ് കഥ.
കോവിഡ് രൂക്ഷമായ ഒന്നാംഘട്ട സമയത്താണ് ക്ഷീണിതനായ നായക്കുട്ടിയെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. പോലീസുകാര്‍ ഇവന് ഭക്ഷണവും പരിചരണവും നല്കി. അവന് പിന്നീട് കാക്കി ഉടുപ്പുകാരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. അന്ന് പോലീസ് സി ഐ ആയിരുന്ന സുമേഷ് സുധാകര്‍ ആണ് ഇവനുവേണ്ട പരിചരണം നല്കാന് നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് പോലീസ് സ്റ്റേഷനും പരിസരവും ഇവന് താവളമാക്കി.
പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇവന് സുപരിചിതനാണ്. സ്റ്റേഷന്റെ അകത്തളങ്ങളിലാണ് ഇവന് വിശ്രമിക്കുന്നത്. അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന രവീന്ദ്രനാഥാണ് ഇവന് കസബന് എന്ന പേര് നല്‍കിയത്. പള്ളുരുത്തി
കസ്ബാ പോലീസ് സ്റ്റേഷന്റെ അടയാളമായി ഇവന് ക്രമേണ മാറുകയായിരുന്നു.
പോലീസ് ഡ്രൈവറായ രാജേഷ് ആണ് ഈ നായയുടെ പരിചാരകന്. രാജേഷിന് കസബനെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. സ്റ്റേഷനില്‍ എത്തുന്ന ആവശ്യക്കാര്‍ക്ക് കുഴപ്പമില്ല. അനാവശ്യമായി ശബ്ദമുയര്‍ത്തുന്നവരെ കസബന് കുരച്ച് നിയന്ത്രിക്കും. അത്തരക്കാരെ മുരളലോടെ ശാസിക്കും. രാത്രി ഡ്യൂട്ടി നോക്കുന്ന വനിതാ പോലീസുകാരുടെ സമീപത്തു നിന്നും കസബന്മാറില്ല.
കസബന് ഉള്ളത് ഞങ്ങള്‍ക്കും വലിയ ധൈര്യമാണ് ഒരു വനിത പോലീസുകാരിയുടെ വാക്കുകളില്‍ നായയെ കുറിച്ച് ചോദിച്ചപ്പോള്‍ ആവേശം. എന്തു ഭക്ഷണവും കഴിക്കുന്ന കസബന് ഏറ്റവും പ്രിയപ്പെട്ടത് ചായയാണ്. ഒരു ദിവസം ചുരുങ്ങിയത് എട്ടു ചായയെങ്കിലും ഇവന് കുടിക്കും. ജോലിക്കെത്തുന്ന പോലീസുകാര്‍ വീടുകളില്‍ നിന്നും കസബന് ആഹാരവുമായി എത്തും.
കസബന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസിനും കസബനും അഭിനന്ദനങ്ങള്‍ നിറയുകയാണ്. പരിസരത്തെ സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും എല്ലാം കസബന്റെ ആരാധകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: