മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന അഭിനേത്രിയായ കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്‌ക്ക് മറക്കാനാവാത്തൊരു നടിയാണ് കനകലത.
ഏറെ നാളുകളായി പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച അവസ്ഥയിലായിരുന്നു കനകലത. കഴിഞ്ഞ ഒക്ടോബറിൽ ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കനകലതയുടെ ആരോഗ്യസ്ഥിതി ലോകമറിഞ്ഞത്. സഹോദരി വിജയമ്മയാണ് നടിയുടെ അവസ്ഥ വെളിപ്പെടുത്തിയത്.
2021, കോവിഡ് കാലത്താണ് കനകലതയിൽ വ്യതിയാനങ്ങൾ കണ്ടു തുടങ്ങിയതെന്നാണ് സഹോദരി പറഞ്ഞത്. വൈകാതെ മറവിരോഗത്തിന്റെ ലക്ഷണമാണതെന്ന് കണ്ടെത്തി. സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഏറെ നാളുകളായി കനകലത.
“ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത അവളിൽ കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നത് അവള്‍ നിര്‍ത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമൊരു സൈക്ക്യാട്രിസ്റ്റിനെ കണ്ടത്. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്‍. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.”
ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. ഒരുമാസത്തോളം അവള്‍ അവിടെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടര്‍ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. ഞങ്ങള്‍ക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലര്‍ പറഞ്ഞു. ആദ്യമായിട്ടല്ലേ ഇങ്ങനെയൊക്കെ കേള്‍ക്കുന്നതും കാണുന്നതും. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, ക്രമേണ അവള്‍ തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ലിക്വിഡ് ഫുഡാണ് കൊടുത്തു കൊണ്ടിരുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവള്‍ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും,” സഹോദരിയുടെ അവസ്ഥയെ കുറിച്ച് വിജയമ്മ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
2005ൽ വിവാഹബന്ധം വേർപ്പെടുത്തിയ കനകലതയ്‌ക്ക് മക്കൾ ഇല്ല. സഹോദരന്റെ മകനും കുടുംബത്തിനുമൊപ്പമാണ് കനകലതയും സഹോദരി വിജയമ്മയും കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: