തിരുവനന്തപുരം: പാഴ്‌സലില്‍ എംഡിഎംഎ കണ്ടെത്തിയെന്ന് പറഞ്ഞു തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം പുറത്തുവന്നതോടെ തട്ടിപ്പുകാര്‍ പരാമര്‍ശിച്ച കൊറിയര്‍ കമ്പനി വെട്ടിലായി. ഒടുവില്‍ പരസ്യം നല്‍കി അന്താരാഷ്‌ട്ര കൊറിയര്‍ കമ്പനിയായ ഫെഡക്‌സിന് കൈകഴുകേണ്ടിവന്നു.
ഫെഡക്‌സില്‍ നിന്നുള്ള കൊറിയര്‍ എന്ന പേരില്‍ വിളിച്ചാണ് തട്ടിപ്പു നടത്തിയത്. പോലീസ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തി വീഡിയോ കോള്‍വിളിച്ചയാള്‍ നിങ്ങള്‍ക്ക് വന്ന പാഴ്‌സലില്‍ ലഹരിമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തുകയും കേസ് രമ്യമായി പരിഹരിക്കാന്‍ വന്‍ തുക ആവശ്യപ്പെടുകയുമായിരുന്നു.
ഇത്തരത്തില്‍ പാഴ്‌സല്‍ ബുക്ക് ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ താങ്കളുടെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് പാഴ്‌സല്‍ ബുക്കു ചെയ്തിരിക്കുന്നതെന്നും അതിനാല്‍ താങ്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ധരിപ്പിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ചില്‍ നിന്നെന്ന എന്ന പേരില്‍ മറ്റൊരാള്‍ വിളിച്ചു. ഇതോടെ കോള്‍ വന്നയാള്‍ ഭയന്നു. കേസിന്റെ ആവശ്യത്തിനായി മുംബൈയില്‍ എത്തണമെന്നായിരുന്നു രണ്ടാമത്തെയാള്‍ അറിയിച്ചത്. പ്രശ്‌നത്തില്‍ നിന്ന് തലയൂരാന്‍ വേണ്ടി തട്ടിപ്പുകാര്‍ പറഞ്ഞ പേയ്‌മെന്‌റ് ഓപ്പ്ഷനില്‍ പണം അയച്ചുകൊടുക്കുകയായിരുന്നു.
ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസും സൈബര്‍ വിഭാഗവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടുതല്‍ പേര്‍ തട്ടിപ്പില്‍ വീണു കൊണ്ടിരിക്കുകയാണ്. പെയ്‌മെന്റ് ഒടിപി അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ എന്നിവയ്‌ക്കാനുള്ള അനാവശ്യ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ 1930 നമ്പറില്‍ വിളിക്കുകയോ സൈബര്‍ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്ന് പോലീസും ഫെഡക്‌സും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: