കോട്ടയം: വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡുകളില്‍ അമിത വേഗത്തിലും അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. അടുത്തകാലത്ത് റോഡ് നന്നാക്കിയതോടെ ദൂരദേശങ്ങളില്‍ നിന്നു പോലും ഒട്ടേറെ പേര് വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തുന്നുണ്ട് .
നല്ല റോഡ് ആയതിനാല്‍ അമിത വേഗത്തിലാണ് വാഹനങ്ങള്‍ ഇതുവഴി പായുന്നത്. ഇതുമൂലം നിരവധി അപകടങ്ങളും ഈ റൂട്ടില്‍ ഉണ്ടാകുന്നു. അലക്ഷ്യമായി ഓടിക്കുന്ന വാഹനങ്ങള്‍ റോഡരികിലുള്ള വീടുകളിലേക്കും മറ്റും ഇടിച്ചു കയറുന്ന സംഭവങ്ങള്‍ ഒട്ടേറെയാണ്. ടൂറിസ്റ്റുകളായതിനാല് മദ്യപിച്ച് എത്തുന്നവരാണ് അധികവും. ഇതുമൂലം കുടുംബമായി സഞ്ചരിക്കുന്നവര്‍ക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
അശ്രദ്ധമായ ഡ്രൈവിംഗ് തടയാന്‍ കാര്യമായ നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. അവധി ദിവസങ്ങളിലും മറ്റും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . വാഹനങ്ങളുടെ എണ്ണം കൂടിയതിനൊപ്പം വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തീക്കോയി – വാഗമണ്‍ റോഡിലാണ് ഏറ്റവും അധികം ബുദ്ധിമുട്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട ഈ പ്രദേശങ്ങളില്‍ കാര്യമായ പോലീസ് ചെക്കിങ് ഇല്ലെന്ന് ആക്ഷേപമുണ്ട്.
ഈ റോഡുകളില്‍ വേണ്ടത്ര സുരക്ഷാ പരിശോധനയും എ. ഐ ക്യാമറകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ച് ഈ വിനോദസഞ്ചാര മേഖല സുരക്ഷിതമാകണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: