ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഇനി മുതൽ ഇ-പാസ് എടുത്തിരിക്കണം. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു. epass.tnega.org എന്ന വെബ്സൈറ്റ് മുഖേന ഇ-പാസിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ടൂറിസ്റ്റ് വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്.
ഊട്ടിയിലേക്കുള്ള യാത്രാ മദ്ധ്യേ മലയോര മേഖലകളിൽ വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയിരിക്കുന്നത്. നിലവിൽ മെയ് ഏഴ് മുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിർബന്ധമാക്കിയിരിക്കുന്നത്.
വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കുന്നവർക്ക് എല്ലാം തന്നെ ഇ-പാസ് ലഭ്യമാകുമെന്ന് നീലഗിരി കളക്ടർ എ.അരുണ വ്യക്തമാക്കി. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ക്യുആർകോഡ് മൊബൈൽ ഫോണിലൂടെ ലഭ്യമാകുന്നതായിരിക്കും. പ്രവേശന കവാടത്തിലെത്തുമ്പോൾ ഇത് സ്‌കാൻ ചെയ്ത ശേഷമാകും കടത്തി വിടുക.
അപേക്ഷകർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺനമ്പറും നൽകിയിരിക്കണം. എത്ര ദിവസത്തേക്ക് ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്നും രേഖപ്പെടുത്തിയിരിക്കണം. വിദേശ ടൂറിസ്റ്റുകൾക്ക് അവരുടെ ഇ-മെയിൽ ഐഡിയിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: