രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടി ഏതെങ്കിലുമൊക്കെ വിധത്തില്‍ പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍ നടത്തുന്ന പതിവുണ്ട്. ഇത്തവണയും അതിനു മാറ്റമില്ല. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രസ്താവനകളെങ്കിലും അവ ഭാരതത്തിലെ മുസ്ലിംകളില്‍ അന്യതാബോധം കുത്തിവെയ്‌ക്കുന്നവയാണ്.
കോണ്‍ഗ്രസിനാവശ്യവും അതു തന്നെയാണ്. തങ്ങള്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും കോണ്‍ഗ്രസ് ഉള്ളതു കൊണ്ടു മാത്രമാണ് കാലാകാലങ്ങളായി ഈ രാജ്യത്ത് ജീവിക്കാന്‍ സാധിച്ചതെന്നുമുള്ള തെറ്റായ വിശ്വാസം മുസ്ലിംസമൂഹത്തില്‍ നിറയ്‌ക്കാന്‍ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ കോണ്‍ഗ്രസ് ശ്രമിച്ചു വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍ ന്യൂനപക്ഷ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ളതാണ്. രാജ്യത്തെ ജനങ്ങളെ അപകടകരമാം വിധം മതാടിസ്ഥാനത്തില്‍ വിഭജിപ്പിക്കുകയും അതില്‍ നിന്ന് രാഷ്‌ട്രീയ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നത് കാലങ്ങളായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തെരഞ്ഞെടുപ്പുകാലത്തെ രാഷ്‌ട്രീയ ജോലിയാണ്. പത്തുവര്‍ഷത്തെ മോദിഭരണത്തിന്‍കീഴില്‍ മാറിയ രാഷ്‌ട്രീയ, സാമൂഹ്യ സാഹചര്യത്തില്‍ ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ ഈ വേര്‍തിരിവ് സൃഷ്ടിക്കല്‍ വിജയിക്കാനുള്ള സാധ്യത തീരെയില്ല. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ ക്ഷേമ പദ്ധതികളും മുത്തലാക്ക് നിരോധനം പോലുള്ള നിയമ നടപടികളും മൂലം പ്രധാനമന്ത്രി മോദിക്കുമേല്‍ മുസ്ലിം സമൂഹത്തില്‍ കൈവന്നിരിക്കുന്ന വിശ്വാസം കോണ്‍ഗ്രസിന്റെ വിഭജന നീക്കങ്ങളെ നിരാശപ്പെടുത്തുന്നതാണ്. എങ്കിലും അവര്‍ വിഭജനത്തിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കോണ്‍ഗ്രസ് രാജ്യത്ത് ഹിന്ദുമുസ്ലിം വിഭാഗീയതയ്‌ക്കായി പരിശ്രമിക്കുകയാണെന്നും അവരുടേത് തീക്കളിയാണെന്നുമുള്ള കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങിന്റെ വാക്കുകളില്‍ തന്നെയുണ്ട് ഇന്ന് മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ ഏതുവിധേനയാണ് മുന്നോട്ടു പോകുന്നതെന്ന വസ്തുത.
മുംബൈ ഭീകരാക്രമണത്തെയും കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തെയും ന്യായീകരിച്ചും ബിജെപിയാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കുറ്റപ്പെടുത്തിയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതാണ് വിവാദമായിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയെ കൊലപ്പെടുത്തിയത് അജ്മല്‍ കസബ് അല്ലെന്നും ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്നുമാണ് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിജയ് വാദേടിവാര്‍ ആരോപിച്ചിരിക്കുന്നത്. ഹേമന്ത് കര്‍ക്കറെയെ വെടിവെച്ചു കൊന്നത് അജ്മല്‍ കസബല്ല. ആര്‍എസ്എസിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കര്‍ക്കറെയെ വെടിവെച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉജ്ജ്വല്‍ നികത്തിന് ഇക്കാര്യമറിയാമെങ്കിലും മറച്ചുവെച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഉജ്ജ്വല്‍ നികം ബിജെപി ടിക്കറ്റില്‍ മുംബൈയില്‍ മത്സരിക്കുന്നത്, എന്നിങ്ങനെയാണ് വാദേടിവാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചത്.
സംഭവം വിവാദമായതോടെ വിവാദ പ്രസ്താവന തിരുത്തിയ വാദേടിവാര്‍, താന്‍ കര്‍ക്കറെയുടെ മരണത്തെപ്പറ്റി പറഞ്ഞത് ഒരു ബുക്കിലെ കാര്യമാണെന്ന് ന്യായീകരിച്ചു. കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേനാ വാഹന വ്യൂഹത്തിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തെ ബിജെപിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ആക്രമണമെന്ന വിവാദ പരാമര്‍ശം നടത്തിയത് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിജ് സിങ് ചന്നിയാണ്. ഇത്തരം ഭീകരാക്രമണങ്ങള്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണെന്നായിരുന്നു ചന്നിയുടെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം ആക്രമണങ്ങള്‍ ബിജെപിക്കുവേണ്ടി നടന്നിട്ടുണ്ടെന്നും ചന്നി ആരോപിക്കുന്നുണ്ട്. വളരെ നേരത്തെ തന്നെ പദ്ധതിയിടുന്നതാണ് ഈ ആക്രമണങ്ങള്‍. ഭീകരാക്രമണങ്ങളിലൊന്നും തന്നെ സത്യമില്ല. ആളുകള്‍ കൊല്ലപ്പെടുകയും അവരുടെ മൃതദേഹത്തിന് മേല്‍ രാഷ്‌ട്രീയം കളിക്കുകയുമാണ് ബിജെപിയെന്നും ചന്നി ആരോപിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരസൈനികരെ അപമാനിക്കുന്ന നടപടികളാണ് എക്കാലവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയുമാണ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ചന്നി സൈന്യത്തെ അപമാനിച്ചതില്‍ മാപ്പു പറയേണ്ടതെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. മുന്‍മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അതല്ല പറഞ്ഞതെന്നുമാണ് ചന്നി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന പ്രസ്താവന നടത്തിയത് പാക്കിസ്ഥാനിലെ മുന്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈനാണ്. ഇമ്രാന്‍ ഖാന്‍ ക്യാബിനറ്റിലെ പ്രധാനിയായ ഫവാദ് ഹുസൈന്റെ പ്രസ്താവനയെ തള്ളിപ്പറയാതെ മൗനം തുടര്‍ന്ന കോണ്‍ഗ്രസ് നടപടി ഏറെ വിവാദമായിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പ് റാലിയില്‍ വിഷയം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് വായ തുറന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് മുംബൈ ഭീകരാക്രമണത്തെയും പൂഞ്ച് ആക്രമണത്തെയും പറ്റി വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്‍ ശത്രുവല്ലെന്ന പ്രസ്താവനയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്ന വേളയില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് രംഗത്തെത്തിയിരുന്നു. ബിജെപിക്ക് പാക്കിസ്ഥാനില്‍ ഏജന്റുമാരുണ്ടെന്ന പരാമര്‍ശം നടത്തിയത് ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രസിഡന്റ് വികാര്‍ റസൂലാണ്.
കോണ്‍ഗ്രസ് ഭരണകാലത്ത് പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കശ്മീരിന്റെ ഭാഗമായ പാക് അധിനിവേശ കശ്മീരിന് വേണ്ടി സംസാരിച്ച കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങിനെതിരെയും കോണ്‍ഗ്രസും ഇന്‍ഡി സഖ്യകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ ഭാഗമായി മാറാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളില്‍ നിന്ന് അധികം വൈകാതെ ആവശ്യമുയരുമെന്നായിരുന്നു രാജ്‌നാഥ്‌സിങിന്റെ പ്രസ്താവന. കശ്മീരിലെ വികസനവും പുരോഗതിയും കാണുമ്പോള്‍ പിഒകെയിലെ ജനങ്ങള്‍ ഭാരതത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നതായും അങ്ങനെയെങ്കില്‍ സൈനിക നടപടിയിലൂടെ പിഒകെ വീണ്ടും രാജ്യത്തിന്റെ ഭാഗമാക്കുകയെന്ന ആവശ്യം തന്നെ വരില്ലെന്നും രാജ്‌നാഥ്‌സിങ് ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ പറഞ്ഞിരുന്നു. ഭാരതം എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ജമ്മു കശ്മീരില്‍ എത്രവലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മേഖല മികച്ച സാമ്പത്തിക പുരോഗതി കൈവരിച്ചതായും കശ്മീരില്‍ സമാധാനം തിരികെ വന്നതും പിഒകെയിലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്.
ഭാരതത്തിന്റെ ഭാഗമായി മാറണമെന്ന ആവശ്യം അവരില്‍ നിന്നു തന്നെ ഉയരും. പിഒകെ എല്ലായ്‌പ്പോഴും നമ്മുടെ അവിഭാജ്യ ഘടകമാണെന്നും അഭിമുഖത്തില്‍ രാജ്‌നാഥ്‌സിങ് പറഞ്ഞു. എന്നാല്‍ പിഒകെയിലെ ജനങ്ങള്‍ ഭാരതത്തിനൊപ്പം വരാന്‍ തയ്യാറാവുകയാണെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ പാക്കിസ്ഥാന് വേണ്ടി ആദ്യം രംഗത്തെത്തിയത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയുമാണ്. പിഒകെയില്‍ എന്തെങ്കിലും നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പാക്കിസ്ഥാന്റെ കൈകളിലും വളകളല്ലെന്ന ഓര്‍മ്മ വേണമെന്നും അവര്‍ ഭാരതത്തില്‍ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി. കശ്മീരിലെ പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണെന്നാണ് ഒമര്‍ അബ്ദുള്ളയുടെ നിലപാട്. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ അതിശക്തമായി പ്രതിഷേധിച്ചത് പാക്കിസ്ഥാനും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്. ജമ്മു കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളേക്കാള്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കശ്മീര്‍ വിഷയത്തിലടക്കം പാക് പ്രീണന നടപടികള്‍ കോണ്‍ഗ്രസിന് പുതുമയല്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ വന്‍പരാജയമായി മാറിയ പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് വേളയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടു നടത്തുന്ന പാക്കിസ്ഥാന്‍ അനൂകൂല പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ അടിത്തറ മാന്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഭാരതത്തില്‍ ദുര്‍ബലമാകുമ്പോഴെല്ലാം കരയുന്നത് പാക്കിസ്ഥാനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ ആര്, ആര്‍ക്കൊപ്പമാണെന്ന് വ്യക്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: