ന്യൂദല്‍ഹി: ഭാരതത്തില്‍ ഭരണം നടക്കുന്നത് പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും ശരിയയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയയുടെ കാലം കഴിഞ്ഞെന്നും ഇനി പൊതുസിവില്‍കോഡിന്റെ കാലമാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഇതൊരു തെരഞ്ഞെടുപ്പ് അജണ്ടയാക്കിയിരിക്കുകയാണ്. പഴയകാലത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമം. മതാടിസ്ഥാനത്തിലുള്ള നിയമങ്ങളാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണിതെല്ലാം. ഇത്തരം കാര്യങ്ങളില്‍ ഒവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ സാമ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് സിഎഎയെ എതിര്‍ക്കുന്നത്. മമത ഹിന്ദു വിരുദ്ധയാണെന്ന് താന്‍ പറയുന്നില്ല, പക്ഷേ അവര്‍ മുസ്ലിം അനുകൂലിയാണ്. ബംഗാളില്‍ കുറഞ്ഞത് ബിജെപി 25 സീറ്റുകള്‍ നേടും. 30 സീറ്റുകള്‍ വരെ നേടിയേക്കാം. ബംഗാളില്‍ സ്ഥിതി മാറിയിട്ടുണ്ട്. രോഹിത് വെമുല ദളിതനല്ലെന്ന് അന്ന് അറിയാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനാവശ്യ ബഹളങ്ങളുണ്ടാക്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല.
കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിനെയാണ് ബാധിക്കുക. അവര്‍ക്ക് വീഡിയോകളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു, പക്ഷേ അവ മറച്ചുവയ്‌ക്കുകയും വൊക്കലിഗ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ അന്വേഷണം വൈകിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
ദേശീയാടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് എന്‍ഡിഎ നാനൂറിലധികം സീറ്റുകള്‍ എന്ന ലക്ഷ്യം വച്ചത്. മൂന്നാംതവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കണമെന്ന് രാജ്യത്തിന് ബോധ്യമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പ്രധാനമന്ത്രി അവയെല്ലാം തരണം ചെയ്തതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: