രാമന്റെ നഗരമാണ് റായ്പൂര്‍. നഗരമധ്യത്തിലെ രാമക്ഷേത്രം ഉയര്‍ന്നാലേ അയോദ്ധ്യയിലെ തടസങ്ങള്‍ നീങ്ങൂ എന്ന് വിശ്വസിച്ചിരുന്ന റായ്പൂരുകാര് ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ്. രാംലല്ല വന്നു, രാമരാജ്യം വരുന്നു എന്നതാണ് ജനങ്ങളുടെ വായ്ത്താരി. എട്ടു തവണ റായ്പൂരിന്റെ എംഎല്‍എ ആയ ബ്രിജ് മോഹന്‍ അഗര്‍വാളാണ് നഗരത്തിലെ രാമക്ഷേത്രത്തിന്റെ ശില്പി. ഇക്കുറി ലോക്സഭയിലേക്ക് ബ്രിജ്മോഹന്‍ അവസരം തേടുമ്പോള്‍ ജനങ്ങള്‍ക്ക് നല്കുന്ന വാക്കും അതുതന്നെ, രാമരാജ്യം വരുന്നു.
1993 മുതല്‍ 2023 വരെയും റായ്പൂരില്‍ മറ്റൊരു ജനപ്രതിനിധിയുണ്ടായിട്ടില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ബ്രിജ്മോഹന്‍ മാറ്റമുണ്ടായില്ല. ഇന്ന് പോളിങ് സ്റ്റേഷനിലേക്ക് പോകുന്ന വോട്ടര്‍മാരുടെ മുന്നില്‍ മറ്റൊരു മുഖവും കാണില്ലെന്ന് അത്ര ഉറപ്പാണ് റായ്പൂരിലെ ബിജെപിക്കാര്‍ക്ക്. റായ്പൂര്‍ ലോക്സഭാ മണ്ഡലവും കഴിഞ്ഞ രണ്ട് തവണയും മോദി പ്രഭാവത്തിനൊപ്പമായിരുന്നു. ഛത്തിസ്ഗഡിലുടനീളം അതാണ് തരംഗം. 2019ല്‍ ആകെയുള്ള പതിനൊന്ന് മണ്ഡലങ്ങളില്‍ ഒമ്പതിലും വിരിഞ്ഞത് താമരയാണ്. ഇക്കുറി വിജയം സമ്പൂര്‍ണമാകുമെന്ന് റായ്പൂര്‍ കുശഭാവു ഠാക്കറെ ഭവനില്‍ അന്തിമഘട്ട വിശകലനത്തിലും ബിജെപി നേതാക്കള്‍ ഉറപ്പിക്കുന്നു. 2019ല്‍ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സുനില്‍കുമാര്‍ സോനി ഇവിടെ വിജയം കൊയ്തത്. ഇക്കുറി അത് അഞ്ച് ലക്ഷം കടക്കുമെന്ന് ബിജെപി ഉറപ്പിക്കുന്നു.
റായ്പൂരുകാര്ക്ക് ഞാന്‍ പുതിയ ആളല്ല. പാര്‍ട്ടി ഇത്ര കാലം ഏല്പിച്ച എല്ലാ ചുമതലകളും ഞാന്‍ നിര്‍വഹിച്ചു. ഇതും വിജയകരമായി പൂര്‍ത്തിയാക്കും. മോദിയുടെ ഗ്യാരന്റി ഒപ്പമുള്ളപ്പോള്‍ റായ്പൂരില്‍ വന്‍ഭൂരിപക്ഷം അനായാസമാണ്, ബ്രിജ്മോഹന്‍ അഗര്‍വാള്‍ പറയുന്നു. റായ്പൂരില്‍ എന്റെ കൈയൊപ്പ് പതിഞ്ഞതെല്ലാം ജനങ്ങള്‍ക്ക് അറിയാം. വികസനത്തിന്റെ മുദ്രയാണത്, അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ വികാസ് ഉപാദ്ധ്യായ ആണ് എതിര് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: