പത്തനംതിട്ട: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ നടപ്പിലാക്കാവൂ എന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍.
ടെസ്റ്റില്‍ അപാകമോ പോരായ്മയോ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിലും കാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിലും എതിര്‍പ്പില്ലെന്നും എന്നാല്‍ അത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകള്‍, യൂണിയനുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമയബന്ധിതമായേ നടപ്പിലാക്കാവൂ എന്നും ഉടമകള്‍ പറയുന്നു.
മുന്നണി ഭരണത്തില്‍ കൂടിയാലോചന ഇല്ലാതെ ഗതാഗതമന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനം അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ ആവില്ല. കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെയും അടിസ്ഥാന സൗകര്യമൊരുക്കാതെയും ധൃതിപിടിച്ചും പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പൊതുജന പിന്തുണ ലഭിക്കില്ല.
ഇപ്പോഴത്തെ പരിഷ്കാരങ്ങള്‍ വന്‍കിടക്കാരെ സഹായിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അവര്‍ ആരോപിക്കുന്നു. എംവിഡി ഉദ്യോഗസ്ഥരെ പോലും പുതിയ പരിഷ്കാരം ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഏഴായിരത്തോളം ഡ്രൈവിങ് സ്കൂളുകളാണുള്ളത്. ഇവയിലെല്ലാമായി ഒരു ലക്ഷത്തോളം ജീവനക്കാരുമുണ്ട്. പുതിയ പരിഷ്കാരം ഇവരെ എല്ലാം ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയും ലൈസന്‍സ് നേടാനുള്ള ചെലവ് കുത്തനെ കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഡ്രൈവിങ് പരിശീലന, ലൈസന്‍സ് കാര്യങ്ങളില്‍ 2013-ല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതാണ്. അതു നിലവിലുള്ളപ്പോള്‍ കേരളത്തില്‍ മാത്രമായി പ്രത്യേക നടപടിക്രമങ്ങള്‍ കൊണ്ടുവരുന്നത് അംഗീകരിക്കില്ല.
പരിഷ്കരണവുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ വരും മുമ്പ് സംസ്ഥാനത്ത് ഒന്‍പതു ലക്ഷത്തോളം പേരാണ് ടെസ്റ്റിന് ഫീസ് അടച്ച് കാത്തിരിക്കുന്നത്. ഏപ്രിലില്‍ രണ്ടര ലക്ഷത്തോളം പേരും ടെസ്റ്റ് ഫീസ് അടച്ചിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാന്‍ കുറഞ്ഞത് 50 സെന്റ് സ്ഥലവും 25 ലക്ഷം രൂപയും വേണമെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴിച്ചാല്‍ ഭൂരിഭാഗം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റ് നടത്തുന്നതാവട്ടെ അതത് സ്ഥലങ്ങളിലെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ വാടകയ്ക്ക് എടുത്ത് നല്കുന്ന ഗ്രൗണ്ടുകളിലുമാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുന്ന സര്‍ക്കാരിന് ഡ്രൈവിങ് ടെസ്റ്റിനു പ്രാഥമിക സൗകര്യം ഒരുക്കാന്‍ ആവശ്യമായ തുക കണ്ടെത്താന്‍ പോലുമാവില്ല. ടെസ്റ്റ് പരിഷ്കരിച്ചത് കൊണ്ട് മാത്രം റോഡ് അപകടങ്ങളോ അപകടമരണങ്ങളോ കുറയുകയില്ല. റോഡ് വീതി കൂട്ടി ശാസ്ത്രീയമായി സഞ്ചാരയോഗ്യമാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഉദ്യോഗസ്ഥരെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുകയും വേണം. പിഴ ചുമത്താനല്ല പിഴവ് വരാതിരിക്കാനുള്ള ക്രമീകരണങ്ങളില്‍ ആവണം ഉദ്യോഗസ്ഥര്‍ ശ്രദ്ധ പതിയേണ്ടത്.
കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും ടാര്‍ഗറ്റ് നിശ്ചയിച്ചു നല്കുന്ന രീതി ഒഴിവാക്കണം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പോലും ടിപ്പര്‍, ജെസിബി തുടങ്ങിയവ പിടിച്ചെടുത്ത് പിഴ അടപ്പിക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം നിലവിലെ ട്രാഫിക് സംവിധാനങ്ങള്‍ കൂടി പൊളിച്ചെഴുതണം, അവര്‍ പറയുന്നു.
ഉപജീവനത്തിനാണ് പലരും ലൈസന്‍സ് എടുക്കുന്നത്. ഓട്ടോ ഓടിച്ചും ടാക്സിയും മറ്റ് ഭാരവണ്ടികള്‍ ഓടിച്ചും ഉപജീവനം കണ്ടെത്താന്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവരാണ് കൂടുതലും. ബസ് സൗകര്യം ഇല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ടൂ വീലറിനെ ആശ്രയിക്കുന്നത്. പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇവയെല്ലാം പരിഗണിക്കണമെന്നും ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: