ജറുസലേം: ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പിന്നാലെ അല്‍ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടല്‍ മുറിയും ഇസ്രായേല്‍ അധികൃതര്‍ റെയ്ഡ് ചെയ്തു. മുറിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ക്യാമറ ഉപകരണങ്ങള്‍ പൊളിച്ചുമാറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചാനല്‍ നിരോധിച്ച വിവരം എക്സിലൂടെയാണ് നെതന്യാഹു അറിയിച്ചത്. തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ ദൂതര്‍ക്ക് ഇസ്രായേലില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ മന്ത്രി സ്ലോമോ കാര്‍ഹിയും നെതന്യാഹുവും പ്രസ്താവനയില്‍ പറഞ്ഞു. അല്‍ ജസീറ ഉടന്‍തന്നെ പൂട്ടി ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.
ഇസ്രായേലിലെ അല്‍ ജസീറയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുക, സംപ്രേഷണ ഉപകരണങ്ങള്‍ കണ്ടുകെട്ടുക, കേബിള്‍, സാറ്റലൈറ്റ് കമ്പനികളില്‍ നിന്ന് ചാനല്‍ വിച്ഛേദിക്കുക, വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക എന്നിവയാണ് നടപടിയില്‍ ഉള്‍പ്പെടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. തീരുമാനത്തെ തുടര്‍ന്ന് ഇസ്രായേലി സാറ്റലൈറ്റ്, കേബിള്‍ ടെലിവിഷന്‍ ദാതാക്കള്‍ അല്‍ ജസീറ സംപ്രേഷണം നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: