വെള്ളറട: ഉണ്ടന്‍കോട് പീച്ചിയോടില് മകന്റെ വീട്ടിലെ മുറികള്‍ കുഴിച്ചിട്ടിരിക്കുന്നതായി അമ്മ. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ പോലീസില്‍ പരാതി നല്കി. പീച്ചിയോട് കിഴക്കിന്‍കര വിജീഷ് ഭവനില്‍ ബാബുവിന്റെയും കമലത്തിന്റെയും മകന് വിജീഷ് (38) ഏപ്രില്‍ 28ന് മരിച്ചു. വിജീഷ് മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. അമ്മ സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണശേഷം സംസ്കാരം വീട്ടുവളപ്പിലാണ് നടത്തിയത്. രണ്ട് ദിവസം മുമ്പ് കമലം വീട്ടിലെത്തി മുറികള്‍ തുറന്ന് നോക്കിയപ്പോള്‍ തറ കുഴിച്ച നിലയിലായിരുന്നു.
വിവാഹിതനാണെങ്കിലും വിജീഷ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. വിജീഷിന്റെ വീട്ടില്‍ ഒരു സുഹൃത്ത് വരുന്നത് കാണാറുണ്ടെന്ന് അമ്മ പറയുന്നു. ഫോട്ടോഗ്രാഫറായ വിജീഷ് മഞ്ഞപ്പിത്തം ബാധിച്ച് മാര്‍ച്ച് 3ന് തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സ തേടിയിരുന്നു. അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. ചികിത്സക്ക് ശേഷം വിജീഷ് അമ്മയൊടൊപ്പം വാടക വീട്ടിലായിരുന്നു താമസം. തുടര്‍ന്ന് സുഹൃത്ത് എത്തി വിജീഷിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
പച്ചമരുന്ന് ചികിത്സ നല്‍കിയതായും അമ്മ പറയുന്നു. ഏപ്രില്‍ 12ന് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും 28ന് മരണപ്പെടുകയുമായിരുന്നു. വീടിന്റെ തറ കുഴിച്ചതിനു സമീപം മണ്‍വെട്ടിയും പിക് ആക്സും ഇരിപ്പുണ്ട്. ദുര്‍മന്ത്രവാദത്തിന് വീടിന്റെ തറ കുഴിച്ചതെന്നാണ് ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: