തൃശൂര്‍: കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ ഭരണസമിതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കേസില്‍ എഫ്ഐആര്‍ ഇട്ടു. ബാങ്ക് ക്രമക്കേടില്‍ കേസ് എടുക്കാന്‍ കേടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഒല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. തൃശൂര്‍ ജെഎഫ്സിഎം മൂന്ന് മജിസ്ട്രേറ്റ് സാന്ദ്ര മേരി നെറ്റോയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 30.12.13 മുതല്‍ 24.12.19 വരെ കാലയളവില്‍ ഭരണസമിതിയിലുണ്ടായിരുന്ന 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്.
റിക്സണ് പ്രിന്‍സ്, കെ.ആര്. രാമദാസ്, അമ്പിളി സതീശന്, ജിന്റോ ആന്റണി, ഷീജ ഡെയ്സണ്‍, ജോണ്‍ വാഴപ്പിള്ളി, കെ.ആര്.സെബി, സി.ആര്. ജയിംസ്, ആശ മനോഹരന്, ശോഭന ഗോപി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ബാങ്കിലെ ജോലിക്കാരനായ എസ്.കെ.ഗോപാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷ്യല്‍ സെയില്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഭരണസമിതി അംഗങ്ങള്‍ വ്യാജരേഖ ചമച്ചും മറ്റും 27 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കോടതി ഉത്തരവ് വന്നിട്ടും അന്വേഷണം തുടങ്ങാന്‍ പോലീസ് താത്പര്യം കാണിച്ചിരുന്നില്ല. ആരോപണവിധേയനായ സിപിഎം നേതാവിന്റെ സമര്‍ദമാണ് എഫ്ഐആര്‍ ഇടാന്‍ പോലും പോലീസ് വിമുഖത കാണിച്ചതിന് പിന്നിലെന്ന് ആരോപണമുണ്ട്. പരാതിക്കാര്‍ നടപടി ആവശ്യപ്പെട്ട് മുന്നോട്ട് വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് എഫ്ഐആര്‍ ഇട്ടത്. സിപിഎം നേതാക്കള്‍ ഇടപെട്ട് ക്രമവിരുദ്ധമായി വായ്പകള്‍ നല്‍കിയാണ് സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്. വായ്പ നല്‍കിയതിലൂടെ സിപിഎം നേതാക്കള്‍ വലിയ തോതില്‍ പണം കമ്മീഷനായി കൈപ്പററ്റിയതായും ആക്ഷേപമുണ്ട്.
ബാങ്ക് ഭരണസമിതി അംഗങ്ങളായ പ്രതികകള്‍ 30.12.20213 മുതല്‍ 24.12.2018 വരെയുളള കാലയളവില്‍ ഒത്തു ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി എഫ്ഐആറില്‍ പറയുന്നു. ബാങ്ക് നിയമാവലിക്ക് വിരുദ്ധമായി അധികാര പരിധിയില്‍പെടാത്ത ആളുകള്‍ക്ക് സ്ഥാപനത്തില്‍ അംഗത്വം നല്കി. ബാങ്ക് പരിധിക്ക് പുറത്തുളള വസ്തുവിന്മേല് വായ്പ നല്‍കിയും ഈടായി നല്കിയ ഭൂമിക്ക് അമിത മതിപ്പ് വില കാണിച്ചും പ്രതികള്‍ വായ്പക്കാരുടെ വ്യാജ രഖകളും വ്യാജ വിലാസവും ചമച്ചു. പ്രതികള്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കുന്നതിനായി കളവായും ചതിയായും വായ്പ നല്കി 27 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കി ബാങ്കിനെയും ഷെയര്‍ ഹോള്‍ഡര്‍മാരെയും വഞ്ചിച്ചതായും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: