ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മധ്യപ്രദേശിലെ ബേതുല്‍ രണ്ടാംഘട്ടത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മൂന്നാംഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ജമ്മുകശ്മീരിലെ അനന്തനാഗ്- രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പ്, 25ന് ആറാംഘട്ടത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യപ്രകാരമാണിത്.
ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ച, ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൂറത്ത് ഒഴികെയുള്ള 25 മണ്ഡലങ്ങളിലാണ് ഇവിടെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുക.
കര്‍ണാടകയിലെ 14, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10, മധ്യപ്രദേശിലെ ഒന്‍പത്, ഛത്തീസ്ഗഡിലെ ഏഴ്, ബീഹാറിലെ അഞ്ച്, ആസാമിലെയും ബംഗാളിലെയും നാലുവീതം മണ്ഡലങ്ങളിലും ജനം വിധിയെഴുതും. ഗോവയിലെ രണ്ട് മണ്ഡലങ്ങളിലും ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും ഒന്നു വീതം മണ്ഡലങ്ങളിലും വോട്ടെട്ടുപ്പ് നടക്കും. കര്‍ണാടക, ഛത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഈ ഘട്ടത്തോടെ പൂര്‍ണമാകും.
കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ മന്‍സൂഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പല്ലവി ഡെംപോ എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖ ബിജെപി നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, ദിഗ് വിജയ സിങ്, എസ്പി നേതാവ് ഡിംപിള്‍ യാദവ്, എന്‍സിപി നേതാവ് സുപ്രിയ സുലെ എന്നിവരും ഈ ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ പ്രമുഖരാണ്.
സംസ്ഥാനം, വോട്ടെടുപ്പ് നടക്കുന്ന മണ്ഡലം എന്ന ക്രമത്തില്‍- ആസാം: ധുബ്രി, കൊക്രജാര്‍, ബാര്‍പേട്ട, ഗുവാഹട്ടി. ബീഹാര്‍: ജഞ്ജര്‍പൂര്‍, സുപൗള്‍, അരാരിയ, മധേപുര, ഖഗാരിയ. ഛത്തീസ്ഗഡ്: സര്‍ഗുജ, റായ്ഗഡ്, ജഞ്ജ്ഗിര്‍- ചമ്പ, കോര്‍ബ, ബിലാസ്പൂര്‍, ദുര്‍ഗ്, റായ്പൂര്‍. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി: ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി. ദാമന്‍ ആന്‍ഡ് ദിയു: ദാമന്‍ ആന്‍ഡ് ദിയു. ഗോവ: വടക്കന്‍ ഗോവ, ദക്ഷിണ ഗോവ.
ഗുജറാത്ത്: കച്ച്, ബനസ്കന്ത, പാടാന്‍, മഹേശന, സബര്‍കാന്ത, ഗാന്ധിനഗര്‍, അഹമ്മദാബാദ് ഈസ്റ്റ്, അഹമ്മദാബാദ് വെസ്റ്റ്, സുരേന്ദ്രനഗര്‍, രാജ്കോട്ട്, പോര്‍ബന്തര്‍, ജാംനഗര്‍, ജുനഗഡ്, അമ്രേലി, ഭാവ്നഗര്‍, ആനന്ദ്, ഖേഡ, പഞ്ച്മഹല്‍, ദാഹോദ്, വഡോദര, ഛോട്ടാ ഉദയ്പൂര്‍, ബറൂച്ച്, ബര്‍ദോലി, നവസാരി, വല്‍സാദ്.
കര്‍ണാടക: ചിക്കോടി, ബെല്‍ഗാം, ബാഗല്‍കോട്ട്, ബീജാപൂര്‍, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ബിദാര്‍, കൊപ്പല്‍, ബെല്ലാരി, ഹവേരി, ധാര്‍വാഡ്, ഉത്തര കന്നഡ, ദാവന്‍ഗരെ, ഷിമോഗ. മധ്യപ്രദേശ്: മൊറേന, ഭിന്ദ്, ഗ്വാളിയോര്‍, ഗുണ, സാഗര്‍, വിദിഷ, ഭോപ്പാല്‍, രാജ്ഗഡ്, ബേതുല്‍. മഹാരാഷ്ട്ര: ബാരാമതി, റായ്ഗഡ്, ധാരാശിവ്, ലാത്തൂര്‍, സോലാപൂര്‍, മാധ, സാംഗ്ലി, സതാര, രത്നഗിരി- സിന്ധുദുര്‍ഗ്, കോലാപൂര്‍, ഹത്കനാങ്ലെ. ഉത്തര്‍പ്രദേശ്: സംഭാല്‍, ഹത്രാസ്, ആഗ്ര, ഫത്തേപൂര്‍ സിക്രി, ഫിറോസാബാദ്, മെയിന്‍പുരി, ഇറ്റാഹ്, ബുദൗണ്‍, ഓണ്‍ല, ബറേലി. ബംഗാള്‍: മാല്‍ദാഹ ഉത്തര്‍, മാല്‍ദാഹ ദക്ഷിണ, ജാംഗിപൂര്‍, മുര്‍ഷിദാബാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: