ന്യൂദല്‍ഹി: ആപ്പിന് തിരിച്ചടിയായി ദല്‍ഹിയിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. എഎപി ഹരിയാന കോ-ഇന്‍ചാര്‍ജ് ദിനേശ് പ്രതാപ് സിങ്, നേതാക്കളായ മുകേഷ് സിന്‍ഹ, പ്രവീണ്‍ റാണ തുടങ്ങിയവരാണ് നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, സിറ്റിങ് എംപിയും നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരി എന്നിവര്‍ ചേര്‍ന്ന് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. എഎപി ദേശീയ കൗണ്‍സില്‍ അംഗമായ ദിനേശ് പ്രതാപ് സിങ്ങിന് രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുമുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ വാക്കും പ്രവൃത്തിയും രണ്ടായതു കൊണ്ടാണ് ദിനേശ് പ്രതാപ് സിങ് ഉള്‍പ്പെടെ പാര്‍ട്ടി വിട്ടതെന്ന് ബിജെപി ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കള്‍ക്കൊപ്പം നില്ക്കാന് ആരും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വീരേന്ദ്ര സച്ച്ദേവ കൂട്ടിച്ചേര്‍ത്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മദ്യനയ അഴിമതി കേസില്‍ ജയിലിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത്തത് ഇരട്ടത്താപ്പാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
ദല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി, മുന്‍ എംഎല്‍എമാരായ നസീബ് സിങ്, നീരജ് ബസോയ, രാജ്കുമാര് ചൗഹാന്, ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന് മുന്‍ പ്രസിഡന്റ് അമിത് മാലിക് എന്നിവര്‍ ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആപ്പുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതും സംസ്ഥാന നേതൃത്വത്തോട് ആലോചിക്കപോലും ചെയ്യാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപി
ച്ചതുമാണ് രാജിക്ക് കാരണമെന്ന് അരവിന്ദര്‍ സിങ് ലവ്ലി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: