എസ്. ജയശങ്കര്‍ വിദേശകാര്യമന്ത്രി
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനുള്ള മാര്‍ഗത്തിനു നിരവധി ആവശ്യകതകളുണ്ട്. തുടക്കത്തില്‍, രാഷ്ട്രത്തിനായുള്ള കാഴ്ചപ്പാടും, ഒപ്പം, അതു താഴേത്തട്ടില്‍ എത്തിക്കാനുള്ള കഴിവും ആവശ്യമാണ്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ നമുക്ക് അതില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയും. സുസ്ഥിര പുരോഗതിയും തുടര്‍ച്ചയായ പരിഷ്കരണവും രാഷ്ട്രീയ സ്ഥിരതയുടെ അന്തരീക്ഷത്തിലേ സാധ്യമാകൂ. അതിനുമാത്രമേ ദീര്‍ഘകാലസ്വഭാവമുള്ള നയപരമായ നിര്‍ദേശങ്ങള്‍ വിഭാവനം ചെയ്യാനും അതു നടപ്പിലാക്കാനും സാധിക്കൂ. വരുന്ന വാരങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ ജനതയുടെ സഞ്ചിത രാഷ്ട്രീയ തെരഞ്ഞെടുപ്പാണ് ഇതില്‍ പലതും നിര്‍ണയിക്കുക. എന്നാല്‍, നിര്‍ണായകമായ ഒരുവശം അന്താരാഷ്ട്ര പരിതസ്ഥിതിയും അതിനു വികസിത ഭാരതത്തിനായി അവസരങ്ങളും ഒപ്പം വെല്ലുവിളികളും ഉയര്‍ത്താനുള്ള കഴിവുമാണ്.
ആശയപരമായി, രാജ്യങ്ങള്‍ വിദേശനയം രൂപപ്പെടുത്തുന്നത്, ലോകത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി അവരുടെ ദേശീയ വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ്. വിഭവങ്ങള്‍, വിപണികള്‍, സാങ്കേതികവിദ്യകള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുക എന്നതാണു പലപ്പോഴും ലക്ഷ്യങ്ങള്‍. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ശ്രദ്ധേയമായ വളര്‍ച്ച കാഴ്ചവെച്ച രാജ്യങ്ങള്‍ക്കു ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. നമ്മുടെ കാര്യത്തില്‍, ഈ ശ്രദ്ധ 2014 മുതല്‍ കൃത്യമാണെങ്കിലും, പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ നാലു ദശകങ്ങളില്‍ ഇതു ചിതറിപ്പോയിരുന്നു. ഇറക്കുമതി ചെയ്യപ്പെട്ട നിര്‍ദേശങ്ങളില്‍ വശംവദരായി, നാം ചിലപ്പോഴൊക്കെ നമ്മുടെ സ്വന്തം ലക്ഷ്യങ്ങള്‍ മറ്റുള്ളവരുടെ പ്രയോജനത്തിനായി അടിയറവച്ചു. ‘ഭാരതമാണ് ആദ്യം’ എന്ന കരുത്തുറ്റ ബോധമാണ് ഇപ്പോഴത്തെ വലിയ മാറ്റം. അതു നമ്മുടെ ലക്ഷ്യത്തില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു. ഒപ്പം, നമ്മുടെ ദേശീയ താല്‍പ്പര്യത്തെ പ്രാഥമിക അളവുകോലായി ഉപയോഗിക്കുന്നു. നമ്മുടെ പങ്കാളി രാജ്യങ്ങളെ പരമാവധി വര്‍ധിപ്പിക്കാനും നമ്മുടെ പ്രശ്നങ്ങള്‍ കുറയ്ക്കാനും കഴിയുന്ന സന്തുലിത നയതന്ത്രം പിന്തുടരാന് ഇതു നമ്മെ പ്രചോദിപ്പിക്കുന്നു. നിലപാടുകള്‍ എടുക്കേണ്ടിടത്തു നാം മടികാണിക്കുകയോ സമ്മര്‍ദത്തിനു വിധേയരാകുകയോ ചെയ്യുന്നില്ല. അതേസമയം, നമ്മുടെ പ്രസക്തിയെക്കുറിച്ചു നിരന്തരം ഊന്നിപ്പറയുകയും ചെയ്യുന്നു. ഇതാണു വിശ്വബന്ധുവായ ഭാരതം.
മുന്‍നിരശക്തിയായി ഇന്ത്യ ഉയര്‍ന്നുവരണമെങ്കില്‍ ആഴത്തിലുള്ള ദേശീയ ശക്തികള്‍ വികസിപ്പിക്കണം. സാങ്കേതികവിദ്യയുടെ അടിത്തറയായി വര്‍ത്തിക്കുന്നതിനാല്‍, ഉല്‍പ്പാദനം വിപുലീകരിക്കുന്നതില്‍ നിന്നാണ് അതില്‍ ഭൂരിഭാഗവും ഉത്ഭവിക്കുന്നത്. ഭൂതകാലത്തിന്റെ അവഗണന മറികടക്കാന്‍, വലിയ കുതിപ്പിനായുള്ള ആസൂത്രണം അനിവാര്യമാണ്; വിശേഷിച്ചും നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ കാര്യത്തില്‍. വിശ്വാസത്തിലും സാന്ത്വനത്തിലും അധിഷ്ഠിതമായ കരുത്തുറ്റ അന്താരാഷ്ട്ര സഹകരണത്തിലൂടെയാണ് ഇതു മികച്ച രീതിയില്‍ സാധ്യമാകുന്നത്. ധ്രുവീകരിക്കപ്പെട്ടതും സംശയാസ്പദമായതുമായ ലോകത്ത്, ഫലപ്രദമായ നയതന്ത്രത്തിലൂടെ മാത്രമേ അത്തരം വാതിലുകള്‍ തുറക്കാന്‍ കഴിയൂ. വിതരണശൃംഖല പുനര്‍നിര്‍മിക്കുന്നതിനും കൂടുതല്‍ വിശ്വസനീയമായ ഉല്‍പ്പാദനം ഉറപ്പാക്കുന്നതിനുമിടയിലാണ് അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥ ഇപ്പോള്‍. സെമികണ്ടക്ടറുകള്‍, ഇലക്ട്രിക് മൊബിലിറ്റി, ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മത്സരാധിഷ്ഠിത മേഖലകളില്‍ ഇതു വളരെ വ്യക്തമാണ്. ഈ ശൃംഖലകളില്‍ ഇന്ത്യ പൂര്‍ണമായി ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു വിശ്വബന്ധുവിനു മാത്രമേ കഴിയൂ.
കോവിഡിനുശേഷമുള്ള ലോകത്ത്, പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും തന്ത്രപരമായ സ്വയംഭരണത്തിനുള്ള അന്വേഷണത്തിലാണ്. ഏറ്റവും വികസിതരായ രാജ്യങ്ങള്‍ പോലും തങ്ങളുടെ കഴിവുകള്‍ ഇല്ലാതാകുന്നതിലും മറ്റു സ്ഥലങ്ങളിലെ അമിതമായ കേന്ദ്രീകരണത്തിലും ആശങ്കാകുലരാണ്. എല്ലാം ആയുധവല്‍ക്കരിക്കപ്പെടുന്ന ലോകത്ത്, ഇന്ത്യയും സ്വന്തം അടിസ്ഥാന ആവശ്യങ്ങളും നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ദേശീയതലത്തില്‍ വികസിപ്പിച്ചെടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണു ‘മേക്ക് ഇന്‍ ഇന്ത്യ’ നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കു മാത്രമല്ല, രാജ്യസുരക്ഷയ്ക്കുപോലും അത്യന്താപേക്ഷിതമാകുന്നത്. പ്രതിരോധം പോലുള്ള വെല്ലുവിളി നിറഞ്ഞ മേഖലകളില്‍ നാം ഇതിനകം കണ്ടതുപോലെ, അത് കയറ്റുമതിയുടെ നിരവധി സാധ്യതകളും തുറക്കും. ഗവേഷണം, രൂപകല്‍പ്പന, നവീകരണം എന്നിവയുടെ ആഗോള കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയിന്ന് ഉയര്‍ന്നുവരികയാണ്. അന്താരാഷ്ട്രതലത്തിലുള്ള പങ്കാളി രാജ്യങ്ങളുമായുള്ള കൂടുതല്‍ തീവ്രമായ ഇടപെടലിലൂടെ മാത്രമേ വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്ര വേഗത്തിലാക്കാന്‍ കഴിയൂ.
ഇന്ത്യന്‍ നൈപുണ്യത്തിന്റെയും കഴിവുകളുടെയും വര്‍ധിക്കുന്ന മൂല്യത്തെക്കുറിച്ചുള്ള തിരിച്ചറിവ്, നമ്മുടെ കാലത്തെ സ്വാഗതാര്‍ഹമായ യാഥാര്‍ഥ്യങ്ങളിലൊന്നാണ്. ഡിജിറ്റല്‍ മേഖലയിലെ വിശ്വാസത്തിനും സുതാര്യതയ്ക്കും നല്കുന്ന ബഹുമതി ഇതു മെച്ചപ്പെടുത്തുന്നു. ലോകത്തിലെ ജനസംഖ്യാപരമായ കടുത്ത മാറ്റങ്ങള്‍ വിവിധ തൊഴിലുകളില്‍ പുതിയ ആവശ്യകതകള്‍ സൃഷ്ടിക്കുന്നു. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനു നാം നമ്മുടെ വിദ്യാഭ്യാസ-പരിശീലന ശേഷികള്‍ വന്‍തോതില്‍ വികസിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ മൂല്യങ്ങളോടും സമ്പ്രദായങ്ങളോടും പൊരുത്തപ്പെടുന്നതിനെ നമ്മുടെ പങ്കാളി രാജ്യങ്ങള്‍ പൂര്‍ണമായി വിലമതിക്കുമ്പോള്‍ മാത്രമേ അവ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയൂ; അതു പോലെ നമ്മുടെ സ്വന്തം പൗരന്മാര് എവിടെയായിരുന്നാലും അവരുടെ സുരക്ഷയെക്കുറിച്ചു വിശ്വസനീയമായി ഉറപ്പു നല്കാന് കഴിയുമ്പോഴും. ഇവയെല്ലാം ഉറപ്പാക്കുക എന്നത് ഇന്ന് ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന ലക്ഷ്യമാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായുള്ള മൊബിലിറ്റി കരാറുകളുടെ പരിസമാപ്തി നാം ഇതിനകം കണ്ടു. ഇതു ഇന്ത്യക്കാര്‍ക്കായി ആഗോള തൊഴിലിടം സൃഷ്ടിക്കുന്നതു വ്യക്തിഗത അവസരങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമല്ല, വിശാലമായ ദേശീയ ശേഷികള്‍ക്കു സംഭാവനയേകുകയും ചെയ്യും.
നാം പ്രവേശിച്ച സംഘര്‍ഷത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെ യും ഈ യുഗം സമ്പര്‍ക്കസൗകര്യങ്ങള്‍ക്കു കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. വിതരണശൃംഖലകള്‍ മാത്രമല്ല ലോജിസ്റ്റിക് മേഖലയും കൂടുതല്‍ അതിജീവനശേഷിയുള്ളതും സമൃദ്ധവുമാകാന്‍ ശ്രമിക്കുകയാണ്; ചെങ്കടലിലെ സംഘര്‍ഷങ്ങളുടെയും സൂയസ് കനാല്‍ ഉപരോധങ്ങളുടെയും അനന്തരഫലങ്ങള്‍ക്കു നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തങ്ങളുടെ പങ്കാളിത്ത സംരംഭം ഗൗരവതരമാക്കുന്നതിനു മതിയായ രാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ മാത്രമേ അപകടസാധ്യത ഒഴിവാക്കാനാകൂ. കൗതുകകരമെന്നു പറയട്ടെ, സമീപകാല ശ്രമങ്ങളില്‍ പലതും ഇന്ത്യയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇന്ത്യമിഡില്‍ ഈസ്റ്റ്യൂറോപ്പ് സാമ്പത്തിക ഇടനാഴി അറേബ്യന്‍ ഉപദ്വീപിലൂടെ യൂറോപ്പുമായും അറ്റ്ലാന്റിക്കുമായും നമ്മെ ബന്ധിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ ഐഎന്‍എസ്ടിസി ഒന്ന് സമാന ലക്ഷ്യത്തോടെ ഇറാനിലൂടെയും റഷ്യയിലൂടെയും കടന്നു പോകുന്നു. നമ്മുടെ കിഴക്ക്, ത്രിഭുജ ഹൈവേയ്ക്കു നമ്മെ പസഫിക്കിലേക്കു കൊണ്ടുപോകാന്‍ കഴിയും.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തു സുരക്ഷയും രാഷ്ട്രീയ സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിലും ഇതേ യുക്തി ബാധകമാണ്. ക്വാഡോ ബ്രിക്സോ ഐ2യു2വോ എസ്സിഒയോ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയോ ഏതുമാകട്ടെ, ഇവയിലെല്ലാം ഇന്ത്യയുടെ താല്‍പ്പര്യങ്ങളാണു അവയുടെ കണക്കുകൂട്ടലുകളുടെ കാതല്‍. പലപ്പോഴും പരസ്പരം വിയോജിക്കുന്ന നിരവധി പങ്കാളികള്‍ ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെയെല്ലാം ഒന്നിച്ചു കൊണ്ടുപോകാന്‍ ഒരു വിശ്വബന്ധു ആവശ്യമാണ്. അതുകൊണ്ടാണ് ഇത് ‘മോദി കി ഗ്യാരന്റി’യുടെ പ്രധാന ഘടകമായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: