ചൊവ്വ ശുക്രയോഗം ചെയ്തു സ്വക്ഷേത്രവാനായി പന്ത്രണ്ടില്‍ സ്വക്ഷേത്ര സ്ഥിതികൊണ്ട് ഉണ്ടായേക്കാമെന്നു പറയുന്ന മെച്ചമൊന്നും ജാതകന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്നില്ല. ശുക്രയോഗം ഒരു പ്രേരകം കൂടിയാണെന്നതു സംശയലേശമെന്യേസമ്മതിക്കാം. വിവാഹിതരായിട്ട് 25 വര്‍ഷം കഴിഞ്ഞു. സൈ്വരക്കേടിനും അത്രത്തോളം തന്നെ പഴക്കത്തിന്റെ മൂല്യമുണ്ട്. അപാരമായ സഹനശക്തിയുള്ള ഭാര്യ. യാതനകളുടെ അനുഭവ കഥ വിവരിക്കാന്‍ തുടങ്ങി. പൊരുത്തശോധന നോക്കിയപ്പോള്‍ ചൊവ്വാദോഷത്തെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല.
നക്ഷത്രപ്പൊരുത്തം പത്തിലെട്ട്. മെച്ചപ്പെട്ട സാമ്പത്തികം, ആകര്‍ഷക വ്യക്തിത്വം. മറ്റുള്ളതെല്ലാം അതിന്റെ പ്രഭാവത്തില്‍ വിസ്മരിച്ചു. നിലവില്‍ വിവിധ തരത്തിലുള്ള ദുരിതങ്ങളില്‍ പൊറുതിമുട്ടി പെടാപ്പാടു പെടുന്നു. ഭര്‍ത്താവിനോട് എന്തു പറഞ്ഞാലും മുന്‍കോപം. വസ്തുനിഷ്ഠമെന്ന് ശാസ്ത്രം ഉദ്‌ഘോഷിക്കുന്ന ഒരു പൗഷ്ടികര്‍മ്മത്തിനും ഭര്‍ത്താവ് അനുവദിക്കുന്നില്ല. പരിഹാരകര്‍മ്മങ്ങള്‍ക്കു ഉദ്ദിഷ്ടഫലമുണ്ടാകണമെങ്കില്‍ നിര്‍ദ്ദിഷ്ട വ്യക്തി നേരിട്ട് ഹാജരായേ മതിയാകൂ. ഇവിടെയും ഒഴിവുഫലം ശൂന്യമായി കാണുന്നത് ശ്രദ്ധേയം. സാമ്പത്തിക ശോഷണവും ഋണബാധ്യതയും മിച്ചം.
കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത തരത്തില്‍ ചെലവ് ചുരുക്കി ഫലപ്രദമെന്നു മനസ്സില്‍ തോന്നുന്ന ലഘു കര്‍മ്മങ്ങള്‍ തുടരാന്‍ പറഞ്ഞു. ആത്മശുദ്ധിയാണ് പരമപ്രധാനം. കാലം മാറി അനുകൂലമാകും. സദ്ക്കര്‍മ്മഫലം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വഴിയേവരും. ഇപ്പോഴത്തെ സൈ്വരക്കേടിനു ശമനമുണ്ടാകും. പൊടിപ്പും തൊങ്ങലും ഭാവനാത്മകമായ സംഗതികളാന്നും ഉപദേശത്തിലില്ലെന്ന് പെട്ടെന്ന് ബോധ്യമായതുകൊണ്ടാകാം തിരി അരണ്ടു കത്തുന്ന വിളക്കില്‍ എണ്ണ പകര്‍ന്നപ്പോള്‍ ദീപനാളം ഉദ്ദീപ്തമായതുപോലൊരു തെളിച്ചം പ്രകടമായി. വന്നപ്പോള്‍ കണ്ടതിനേക്കാള്‍ രക്തശോഭയാര്‍ന്ന മുഖത്തോടെ ആ സാധു സ്ത്രീ തിരികെ പോയി.
എന്തെല്ലാം ശുഭ സൂചനകളും യോഗങ്ങളും ജാതകത്തില്‍ ഉണ്ടെങ്കിലും പൗഷ്ടിക പരിഹാര കര്‍മ്മങ്ങളാല്‍ ഒഴിവാക്കാന്‍ അസാധ്യമെന്നു സൂചന ലഭിക്കുന്ന നൈസര്‍ഗിക സ്വഭാവഘടനയുള്ള ജാതകര്‍ക്ക് അതുമൂലം ജീവിത പങ്കാളിക്കുണ്ടായേക്കാവുന്ന ദോഷങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയാല്‍ ദുരിതങ്ങള്‍ക്ക് അയവുണ്ടായേക്കാം. ആരോഗ്യമുള്ള ശരീരവും ഏകാഗ്രദൃഢവും സന്തുലിതവുമായ മനസ്സും ഉണ്ടെങ്കില്‍ അസ്വസ്ഥതകള്‍ വഴിമാറും. എന്തായാലും സംഗതികള്‍ ഒളിച്ചുവച്ച് രോഗശമനക്ഷമമല്ലാത്ത മരുന്നുകൊണ്ട് ചികിത്സിക്കുന്നതിനേക്കാള്‍ വലിയ മെച്ചമുണ്ടാകും.
അഭിമാനക്ഷതമുണ്ടാക്കുന്നതൊന്നും അനുഭവസ്ഥര്‍ പൂര്‍ണമായും വെളിവാക്കുകയില്ല.വലിയ കുഴപ്പമില്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ കാല്പനികത കലര്‍ത്തികൂട്ടിപ്പെരുക്കും. ഒന്നുകില്‍ അതിശയോക്തി അല്ലെങ്കില്‍ ന്യൂനോക്തി. ഇവയ്‌ക്കിടയിലൊരു കോണില്‍ എവിടെയോ ആയിരിക്കും യാഥാര്‍ത്ഥ്യം. മാനം കരുതി പന്തം കടിക്കുന്നവരാണ് അധികവും. ഏത് ഉന്നത ഗിരിശൃംഗത്തിലായാലും
ലിഖിതമപിലലാടേ
പ്രോജ് ഝിതും കഃ സമര്‍ത്ഥഃ
എന്നു സ്വന്തം വിധിയോര്‍ത്തു വരരുചി നിസ്സഹായനായി നിന്നതുപോലെ ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. പാപസ്ഥാനങ്ങളില്‍ (1,2,4,7,8, 12) നില്‍ക്കുന്ന ചൊവ്വ ജാതകരെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്ന് ചുവടെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ വ്യക്തമാക്കുന്നു.
ധനേ വ്യയേ ചപാതാളേ
ജാമിത്രേ ചാഷ്ടമേ കുജഃ
സ്ത്രീണാം ഭര്‍ത്തൃ വിനാശായ
പുംസാം ഭാര്യാ വിനശ്യതി
ലഗ്‌നേ വ്യയേച പാതാളേ
ജാമിത്രേചാഷ്ടമേ കുജേ
കന്യാ ഭര്‍ത്തൃവിനാശായ
ഭര്‍ത്താകന്യാ വിനാശനാഃ
ലഗ്‌നാദി ന്ദോര്‍ യദാ ഭൗമഃ
സപ്താഷ്ടാന്ത്യാദ്യതുര്യഗഃ
പത്യുര്‍ ഭാര്യാ വിനാശായ
ഭാര്യായാഃപതിനാശനം
ഇവയാണു ചൊവ്വാദോഷങ്ങളെ കുറിച്ചുള്ള പ്രമാണ വചനങ്ങള്‍. മേല്‍ശ്ലോകങ്ങളില്‍ പരാമര്‍ശിക്കുന്ന ദോഷ സ്ഥാനങ്ങളാണ് തുടക്കത്തില്‍ അക്കമിട്ടു പറയുന്ന ഭാവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: